വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവം: രക്ഷാദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടിയെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഡി.എഫ്.ഒയുടെ റിപ്പോർട്ട്. വെള്ളത്തിലുള്ള വന്യമൃഗങ്ങളെ പിടിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടെങ്കിലും കരടിയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അതൊന്നും പാലിച്ചില്ലെന്നാണ് ഡി.എഫ്.ഒ നൽകിയ അടിയന്തര റിപ്പോർട്ട്. ഇത്തരം ദൗത്യങ്ങളിൽ വൈൽഡ് ലൈഫ് വാഡന്റെ സാന്നിധ്യം വേണം. എന്നാൽ അതുണ്ടായില്ല. വൈൽഡ് ലൈഫ് വാർഡന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും അനുമതി വാങ്ങിയാണ് മയക്കു വെടിവച്ചതെന്നും എന്നാൽ മയക്കുവെടിവെക്കുന്നതിന് മുമ്പായുള്ളള നിരീക്ഷണത്തിൽ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് മുൻഗണന നൽകിയതെന്ന് തിരുവനന്തപുരം മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോക്ടർ ജേക്കബ് അലക്സാണ്ടറും റിപ്പോർട്ട് നൽകി.
കിണറ്റില്‍ വീണപ്പോഴുണ്ടായ ആന്തരിക മുറിവുകളുണ്ടെങ്കിലും കരടിയുടേത് മുങ്ങിമരണം തന്നെയാണന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തിൽ വീണ് എട്ട് മണിക്കൂറോളം ജീവനുവേണ്ടി പിടഞ്ഞ കരടിയെ വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് മയക്കുവെടിവെച്ചത്. ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താണുകിടന്ന കരടിയെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് കരക്കെടുത്തത്. മയക്കുവെടിയേറ്റ കരടി കിണറ്റില്‍ മുങ്ങിയതോടെ വെള്ളം വറ്റിക്കാന്‍ മോട്ടറുകളുമായി ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മുങ്ങി അന്‍പത് മിനിറ്റിന് ശേഷമാണ് കരടിയെ കരക്ക് കയറ്റാനായത്. മയക്കുവെടിയേറ്റ കരടി വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വനം വകുപ്പ് പരിഗണിച്ചില്ലന്ന് നാട്ടുകാർ ആരോപിച്ചു.
വനംവകുപ്പിനെതിരെ പീപ്പിള്‍സ് ഫോര്‍ അനിമല്‍ ഇന്ന് ഹൈകോടതിയെ സമീപിക്കും. രക്ഷപെടുത്താനുളള അനുകൂല സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ല. സുരക്ഷയൊരുക്കാതെ വെളളത്തില്‍ വച്ച് മയക്കുവെടി വെക്കാന്‍ പാടില്ലെന്ന ചട്ടവും ലംഘിച്ചെന്ന് ഹരജിയില്‍ വാദിക്കും.
വനംവകുപ്പ് സ്വന്തംനിലക്ക് രക്ഷാപ്രവർത്തനത്തിന് വനംവകുപ്പ് മുതിർന്നതാണ് വലിയ വീഴ്ചയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കിണറ്റിൽ കരടി വീണതറിഞ്ഞ് പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മയക്കുവെടിവെക്കാൻ തീരുമാനമെടുത്തത്. പേക്ഷ, കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും അവർ കണക്കുകൂട്ടാതിരുന്നത് ദൗത്യം പരാജയപ്പെടാൻ കാരണമായി. മറ്റൊന്നും നോക്കാതെ മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടറെ വനംവകുപ്പിന്റെ വാഹനം വിട്ടുനൽകി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.