താടിയെച്ചൊല്ലി മന്ത്രി ജലീലും ലീഗ് അംഗങ്ങളും തര്‍ക്കം
text_fieldsതിരുവനന്തപുരം: പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതിനെച്ചൊല്ലി നിയമസഭയില്‍ മന്ത്രി കെ.ടി. ജലീലും മുസ്ലിം ലീഗ് അംഗങ്ങളും തമ്മില്‍ തര്‍ക്കം. പൊലീസിലെ മുസ്ലിംകള്‍ക്ക് താടിവെക്കാന്‍ അനുമതി നല്‍കണമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗം ടി.വി. ഇബ്രാഹിം നിര്‍ദേശം ഉന്നയിച്ചതാണ് ചര്‍ച്ചക്ക് വഴിവെച്ചത്. താടി വളര്‍ത്തുന്നതിന് മതവുമായി ഒരു ബന്ധവുമില്ളെന്ന് മറുപടിയില്‍ മന്ത്രി ജലീല്‍ പറഞ്ഞു.
താടി വളര്‍ത്തുന്നത് ഒരു മതാവകാശം എന്ന രൂപത്തിലാണ് ഇബ്രാഹിം അവതരിപ്പിച്ചത്. നിര്‍ദേശം മുന്നോട്ടുവെച്ച അദ്ദേഹം തന്നെ താടിവെച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ല എന്നതിന്‍െറ തെളിവാണ്. നിയമസഭയിലെ ലീഗിന്‍െറ ഒരംഗം പോലും താടിവെച്ചിട്ടുമില്ല. അതിന് മതവുമായി ഒരു ബന്ധവുമില്ല.
അതുകൊണ്ടുതന്നെയാണ് സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നത്. ഇങ്ങനെയുള്ള കാലത്ത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നും ജലീല്‍ പറഞ്ഞു. ഇതോടെ ലീഗ് അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. ജലീലിന്‍േറത് ആവശ്യമില്ലാത്ത പരാമര്‍ശമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയ ജനവിഭാഗം നാട്ടിലുണ്ട്. അത് വെക്കുകയോ വെക്കാതിരിക്കുകയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പ്രവാചകചര്യ എന്ന നിലയിലാണ് ആ വിശ്വാസം. ഇത് ഞങ്ങള്‍ കേട്ടിട്ട് മിണ്ടാതിരുന്നു എന്ന് നാളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് വല്ലാതെ മോശമാകും. അതുകൊണ്ടാണ് ഇടപെടുന്നത്. താടികള്‍ പല രൂപത്തില്‍ വെക്കുന്നവരുണ്ട്. ലെനിന്‍െറ താടി വെക്കുന്നവരുണ്ട്. ഫാഷനുവേണ്ടി താടിവെക്കുന്നവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. താടി വെക്കാത്തവരുമുണ്ട്. സ്പീക്കറും താടി വെക്കുന്നുണ്ട്. ആ സുന്നത്ത് തനിക്ക് കിട്ടുമോ എന്നായി സ്പീക്കര്‍. ഇതോടെ താടി ചര്‍ച്ചയാക്കേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് വീണ്ടും വിശദീകരണവുമായി ജലീല്‍ എഴുന്നേറ്റു. താന്‍ പറഞ്ഞത് താടി ഒരു നിര്‍ബന്ധമുള്ള കാര്യമല്ല എന്നാണ്. നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട് ലീഗിന്‍െറ 18 മെംബര്‍മാരും വെക്കുന്നില്ല. പൊലീസില്‍ താടി വളര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്നായി ജലീല്‍. സി.എച്ചും അവുക്കാദര്‍ കുട്ടിനഹയും താടി വെച്ചവരായിരുന്നില്ളെന്നും ജലീല്‍ പറഞ്ഞു.
ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.