മധ്യസ്ഥ ചര്‍ച്ചക്കിടെ മർദനമേറ്റ് മരണം: എം.വി ഗോവിന്ദന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ദമ്പതികള്‍ തമ്മിലുള്ള പ്രശ്ന പരിഹാര ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അഡ്വ.എ.കെ സലാഹുദ്ദീന്‍. കുടുംബ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്നതിനിടെയാണ് കൊല്ലം തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലോലികുളങ്ങര ജമാഅത്ത് പ്രസിഡന്റുമായ സലീം മണ്ണേല്‍ ദാരുണമായി കൊല്ലപ്പെട്ടത്.
പിടിക്കപ്പെട്ട പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന വിവരം അറിയാതെയല്ല ഗോവിന്ദന്‍ പ്രതികരിച്ചിരിക്കുന്നത്. നാടിനെ നടുക്കിയ ദാരുണസംഭവത്തെ പോലും ദുഷ്ടലാക്കോടെ കാണുന്നത് രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. വളരെ ആസൂത്രിതമായ നീക്കമാണ് ഗോവിന്ദന്‍ ഈ പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നത്.
സലീം മണ്ണേല്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ രണ്ടാം സ്ഥാനത്ത് എസ്.ഡി.പി.ഐ ആണ്. ഉപതിരഞ്ഞെടുപ്പിനെ ഉന്നംവെച്ചുകൊണ്ടുള്ള നീക്കമാണ് സി.പി.എം സെക്രട്ടറി നടത്തുന്നത്. എം. വി ഗോവിന്ദന്റെ നട്ടാല്‍ കുരുക്കാത്ത കള്ളക്കഥയൊന്നും നാട്ടില്‍ ചെലവാകില്ല. ഡി.വൈ.എഫ്.ഐ ക്കാരന്‍ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സ്ഥിതിക്ക് രാഷ്ട്രീയ ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ എം. വി ഗോവിന്ദന്‍ പ്രസ്താവന തിരുത്താന്‍ തയാറാവണമെന്നും അഡ്വ.എ.കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.