കീഴുദ്യോഗസ്ഥന് മർദനം; വൈത്തിരി ഇൻസ്പെക്ടറെ സ്ഥലം മാറ്റി
text_fieldsവൈത്തിരി: ആൾക്കൂട്ടത്തിൽവെച്ച് കീഴുദ്യോഗസ്ഥനെ മർദിച്ച പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റി. വയനാട് വൈത്തിരി എസ്.എച്ച്.ഒ ബേബി വർഗീസിനെയാണ് തൃശൂർ ചെറുതിരുത്തിയിലേക്ക് മാറ്റിയത്. ഭരണപരമായ സൗകര്യവും പൊതുജന താൽപര്യവും മുൻനിർത്തി എന്ന് സൂചിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് വൈത്തിരി എസ്.എച്ച്.ഒ യെ സ്ഥലം മാറ്റിയ നടപടി.
ഈ മാസം 19 ന് ആൾക്കൂട്ടം നോക്കിനിൽക്കെ എസ്.എച്ച.ഒ കീഴുദ്യോഗസ്ഥനെ തല്ലിയത് വിവാദമായിരുന്നു. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റഫീഖിനെയാണ് പൊതുജന മധ്യത്തിൽ അവഹേളിച്ചത്.
പെൺകുട്ടിയോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർ നാട്ടുകാരുമായി തർക്കമുണ്ടായിരുന്നു. ഈ സമയത്ത് യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫീസർ ജീപ്പിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ഇത് ഇൻസ്പെക്ടറെ പ്രകോപിതനാക്കുകയും പൊലീസുകാരനെ വണ്ടിയിൽ നിന്ന് ഇറക്കി വിടുകയും അടിക്കുകയുമായിരുന്നു.
പൊലീസുകാരന്റെ കയ്യിൽ ഇൻപെക്ടർ തല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. രഹസ്യന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.