ഡ്രൈവർക്ക് മർദനം; തലശ്ശേരിയിൽ ഓട്ടോക്കാരുടെ മിന്നൽ പണിമുടക്ക്
text_fieldsതലശ്ശേരി: ടി.എം.സി നമ്പർ പ്രശ്നത്തിൽ തലശ്ശേരിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ സംഘർഷം വീണ്ടും. ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. പരിക്കേറ്റ ഗോപാലപേട്ട സ്വദേശി ഷൗക്കത്തിനെ (45) പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഭിക്ക് ചവിട്ടേറ്റതിനെ തുടർന്ന് ഇയാൾക്ക് മൂത്രതടസ്സം നേരിട്ടതായാണ് വിവരം. നഗരത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ടി.എം.സി നമ്പറില്ലാതെ ഓട്ടോ സർവിസ് നടത്തിയത് ചോദ്യം ചെയ്തതിന് ചവിട്ടിയതായാണ് പരാതി. അക്രമത്തിൽ പ്രതിഷേധിച്ച് ടി.എം.സി നമ്പറുള്ള ഓട്ടോ തൊഴിലാളികൾ തലശ്ശേരിയിൽ പ്രകടനം നടത്തി. ഓട്ടോറിക്ഷകൾ ശനിയാഴ്ച ഉച്ചവരെ ഓട്ടം നിർത്തി. പ്രശ്നത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും നഗരസഭയും ഇടപെട്ടു. സമരത്തിലുള്ള തൊഴിലാളി യൂനിയനുകളുമായി നഗരസഭ ചെയർപേഴ്സന്റെ ചേംബറിൽ നടന്ന ചർച്ചയിൽ സമരം ശനിയാഴ്ച ഉച്ചയോടെ പിൻവലിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, യൂനിയൻ നേതാക്കളായ ടി.പി. ശ്രീധരൻ, വടക്കൻ ജനാർദ്ദനൻ, പി. ജനാർദ്ദനൻ, എൻ.കെ. രാജീവ്, പി. ഷാജി, വി.പി. ജയറാം, വി. ജലീൽ, കെ.പി. മഹറൂഫ്, പി.വി. സാജിർ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, തലശ്ശേരി സി.ഐ ബിജു ആന്റണി, എസ്.ഐ മാരായ വി.വി. ദീപ്തി, ടി.പി. രൂപേഷ്, റോണി ഫെർണാണ്ടസ്, അജയ് കുമാർ റോയ്, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ പി.കെ. സജീഷ്, അനസ് മുഹമ്മദ് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.