പേരക്കക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് മർദനം: കേസ് മാരകമായി പരിക്കേൽപിച്ചതിനും തടഞ്ഞുവെച്ചതിനും
text_fieldsപെരിന്തൽമണ്ണ: വീട്ടുവളപ്പിലെ പേരക്കക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ തടഞ്ഞുവെച്ചതിനും മർദിച്ച് മാരകമായി പരിക്കേൽപിച്ചതിനും കേസ്. മന്ത്രി വീണ ജോർജ് ഇടപെട്ട് വനിത-ശിശു വികസന ഡയറക്ടറോട് സംഭവം സംബന്ധിച്ച വിശദീകരണം തേടിയിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ വിവരങ്ങൾ ജില്ല ശിശുസംരക്ഷണ ഓഫിസർ ഗീതാഞ്ജലി ആശുപത്രിയിലെത്തി ശേഖരിച്ചു. സംഭവത്തിൽ വാഴേങ്കട സ്വദേശി കുനിയൻകാട്ടിൽ അഷ്റഫിനെ (49) തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ ഇടതുകാലിന്റെ തുടയെല്ലിന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്. മർദിച്ച് പരിക്കേൽപിച്ച കാര്യം കൂടെയുള്ള ബാലൻ ഞായറാഴ്ച വൈകീട്ട് സമീപത്തെ വീട്ടിലെ സ്ത്രീയോട് പറഞ്ഞതോടെ മർദിച്ചയാളുടെ സഹോദരനും മറ്റുമാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ജില്ല ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ രണ്ടു സ്വകാര്യ ആശുപത്രിയിലും കാണിച്ചതോടെയാണ് തുടയെല്ല് പൊട്ടിയതറിയുന്നത്. തുടർന്ന് കുട്ടിയെ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി. ഏതാനും മണിക്കൂർ ഐ.സി.യുവിൽ കിടത്തിയ ശേഷം ചൊവ്വാഴ്ച രാത്രി ഒമ്പതിന് വാർഡിലേക്ക് മാറ്റി.
മർദിച്ചയാൾ കുട്ടിയെ വണ്ടികൊണ്ട് ഇടിപ്പിച്ചെന്നും നിലത്ത് വീണതോടെ തുടക്ക് ചവിട്ടുകയായിരുെന്നന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. മർദിച്ചയാളുടെ വീട് തന്റെ മകൻ കണ്ടിട്ടില്ല. കൂടെയുള്ള കുട്ടികൾക്കും മർദനമേറ്റിട്ടുണ്ടെന്നും മാതാവ് കൂട്ടിച്ചേർത്തു. മറ്റാരും പരാതിപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.