ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധം: പ്രതിക്ക് ജീവപര്യന്തം തടവ്
text_fieldsകൊല്ലം: ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. തൃക്കോവിൽവട്ടം നടുവിലക്കര ശ്രീവിഹാർ വീട്ടിൽ സുചിത്ര പിള്ളയെ(42) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാർക്കാണ് (35) ശിക്ഷ. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് വിധിയിൽ ചൂണ്ടിക്കാട്ടി.
2020 മാർച്ചിലായിരുന്നു കൊലപാതകം. പ്രശാന്തിന്‍റെ ഭാര്യയുടെ സുഹൃത്തായിരുന്നു സുചിത്ര. ഇവരുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച പ്രതി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിവാഹമോചിതയായ സുചിത്ര ഇയാളിൽനിന്ന് കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തന്‍റെ കുടുംബജീവിതത്തെ ഇതു ബാധിക്കുമെന്ന് കരുതി സുചിത്രയെ തന്ത്രപൂർവം പാലക്കാട് മണലിയിലുള്ള മണലിയിലെ പ്രശാന്തിന്റെ വാടക വീട്ടില്‍ വച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊന്ന ശേഷം കാലുകൾ മുറിച്ചുമാറ്റി, വീടിനോട് ചേര്‍ന്നുളള ചതുപ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാനും ശ്രമിച്ചിരുന്നു.
സുചിത്രയെ ലൈംഗീകമായും പ്രതി ചൂഷണം ചെയ്തിരുന്നു. രഹസ്യബന്ധം കുടുംബജീവിതത്തെ ബാധിക്കുമെന്ന ഭീതിയാണ് പ്രശാന്തിനെ കൊലപാതകത്തിലേക്ക് എത്തിച്ചത്. ഒന്നിച്ചുതാമസിക്കണമെന്ന സുചിത്രയുടെ ആവശ്യത്തെച്ചൊല്ലിയുളള തര്‍ക്കവും, പ്രശാന്തില്‍ നിന്ന് കുഞ്ഞ് വേണമെന്ന ആവശ്യവും, സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനകാരണങ്ങള്‍.
2020 മാർച്ച് 17ന് കോലഞ്ചേരിയിൽ പരിശീലനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് സുചിത്ര വീട്ടിൽനിന്ന് ഇറങ്ങിയത്. 22ന് തിരികെ എത്തുമെന്ന് പറഞ്ഞിരുന്ന സുചിത്ര എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശാന്തിനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ മറുപടികൾ. കോവിഡ് ബാധയുടെ തുടക്കകാലം ആയിരുന്നതിനാൽ അന്വേഷണത്തിന് പരിമിതി ഉണ്ടായിരുന്നു.
തുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് പ്രശാന്ത് നമ്പ്യാരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്. കൊലപാതകം, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തിൽനിന്നുള്ള മോഷണം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചാർത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.