ബ്യൂട്ടിപാർലർ വെടിവെപ്പ്: രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
text_fieldsകൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിച്ചു. കേസിലെ മൂന്നാം പ്രതിയായ ഇയാളെ എയർ ഏഷ്യ വിമാനത്തിൽ ബുധനാഴ്ച രാത്രി 8.45നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
ഇന്ത്യൻ റിസർവ് ബറ്റാലിയെൻറ 16 അംഗ സായുധ സ്ക്വാഡും സി.ഐ.എസ്.എഫും ലോക്കൽ പൊലീസും ഒരുക്കിയ കനത്ത സുരക്ഷയിൽ ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് സംഘം ഇയാളെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡിെൻറ പ്രത്യേക സംഘം ഇയാളെ ചോദ്യം ചെയ്യും. അധോലോക കുറ്റവാളി ആയതിനാൽ യാത്ര, ചോദ്യം ചെയ്യൽ, തെളിവെടുപ്പ് തുടങ്ങിയവ അതിസുരക്ഷയിലാണ്.
നടപടി പൂർത്തിയാക്കി വൈകീട്ട് നാലരയോടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്. പിന്നീട് ബംഗളൂരു പൊലീസിെൻറ അകമ്പടിയോടെ റോഡ് മാർഗം വിമാനത്താവളത്തിലെത്തിച്ചു. 7.45ന് കൊച്ചിയിലേക്ക് തിരിച്ചു. ചോദ്യം ചെയ്യലിന് ശക്തമായ മുന്നൊരുക്കമാണ് സെൻട്രൽ യൂനിറ്റ് നടത്തിയത്. പൊലീസും കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തുടർനീക്കങ്ങൾ രഹസ്യമായി വെക്കാനാണ് നിർദേശം. ഈ മാസം എട്ടുവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
നടി ലീന മരിയ പോൾ നടത്തുന്ന നെയിൽ ആർട്ടിസ്ട്രി ബ്യൂട്ടിപാർലറിനുനേരെ 2018 ഡിസംബർ 15നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പാർലറിലേക്ക് വെടിെവച്ചത്. വെടിവെപ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുമ്പ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി ആവശ്യപ്പെട്ടു. വെടിവെപ്പ് നടത്തിയവരെ പിന്നീട് അറസ്റ്റ് ചെയ്തു. 2019 ജനുവരി അഞ്ചിനാണ് പൂജാരി സെനഗലിൽ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.