ആകെ സമ്പാദ്യം 2,00,850 രൂപ; അതിൽ രണ്ടു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നൽകി ബീഡി തൊഴിലാളി
text_fieldsകണ്ണൂർ: ദുരിതം വരുേമ്പാൾ മലയാളിയുടെ മനസ് പിടക്കും. മുണ്ടുമുറക്കിയാണെങ്കിലും സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ മലയാളിയെ പ്രേരിപ്പിക്കുന്നത് ഇൗ മനസ്സാണ്. അത്തരം ഒരു മനസ്സിനുടമയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇൗ ബീഡിതൊഴിലാളിയുടെ അക്കൗണ്ടിലുള്ളത് ആകെ 2,00,850 രൂപയാണ്. അതിൽ രണ്ടു ലക്ഷവും വാക്സിൺ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ഇൗ ബീഡി തൊഴിലാളി മാതൃകയായത്.
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ സി.പി. സൗന്ദർരാജ് ഫേസ് ബുക്കിൽ കുറിച്ചപ്പോഴാണ് മലയാളിയുടെ സൗമനസ്യത്തിെൻറ ഉദാത്ത മാതൃകയായ ബീഡി തൊഴിലാളിയെ പുറംലോകമറിഞ്ഞത്.
സൗന്ദർരാജിെൻറ ഫസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു...2.00, 850 രൂപ ഉണ്ടെന്നു പറഞ്ഞു.'ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം'കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അൽപം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
'എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയിൽ 1,000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. 'മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എെൻറ പേര് ആരോടും വെളിപ്പെടുത്തരുത്'
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ.... ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും..... അതാണ് ഉറപ്പോടെ പറയുന്നത്.. ഇത് കേരളമാണ് -അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇതും കൂടി കുറിച്ചു കൊണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.