സർക്കാർ തിരിച്ചടി വാങ്ങുമ്പോൾ നിലപാടിന്റെ ശരിയിൽ സംതൃപ്തിയോടെ ബീന സതീഷ്
text_fieldsതിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ സർക്കാർ പരാജയം ഏറ്റുവാങ്ങുമ്പോൾ എത്ര മൂടിെവച്ചാലും സത്യം പുറത്തുവരുമെന്നും തെൻറ നിലപാടായിരുന്നു ശരിയെന്നും തിരിച്ചറിഞ്ഞ് കേസിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷ്. കേസിൽ ഏറെ മാനസിക പിരിമുറുക്കം അനുഭവിച്ച ബീനക്ക് അതിനെക്കുറിച്ച് പറയുേമ്പാൾ കണ്ഠമിടറി. അക്കാര്യങ്ങൾ ഒാർക്കുേമ്പാൾതന്നെ ബീനക്ക് ഞെട്ടലാണ്.
സി.ജെ.എം കോടതിയിൽ വിചാരണക്കെത്തിയപ്പോൾ കേസ് പിൻവലിക്കാൻ ആവശ്യപ്പെടണമെന്ന നിർദേശമാണ് ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷന് സർക്കാർ നൽകിയത്. എന്നാൽ, ലോകം മുഴുവൻ തത്സമയം കണ്ട കേസ് പിൻവലിക്കാനാകില്ലെന്നും അത് കോടതി വിമർശനത്തിന് കാരണമാകുമെന്നും ബീന നിലപാടെടുത്തു. കേസ് പിൻവലിക്കാൻ ഹരജി സമർപ്പിച്ചാലും വാദിക്കാനൊന്നുമില്ലെന്നും ബീന അറിയിച്ചു.
ഇതോടെ പ്രതികൾക്കായി പുറത്തുനിന്ന് അഭിഭാഷകനെ കൊണ്ടുവന്നു. വാദത്തിനിടെ ബീനയും സി.പി.എം കൊണ്ടുവന്ന അഭിഭാഷകനും തമ്മിൽ രൂക്ഷ വാദപ്രതിവാദവുമുണ്ടായി. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനയുടെ വാദം അംഗീകരിച്ച കോടതി രൂക്ഷവിമർശനത്തോടെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളി.
കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടർന്ന് തനിക്ക് ഏൽക്കേണ്ടിവന്നതെന്ന് ബീന ഓർക്കുന്നു. പ്രതികാരനടപടിയെന്നോണം ബീനയെ സ്ഥലം മാറ്റി. വിരമിക്കാൻ ഏഴുമാസം ബാക്കിനിൽക്കെ നല്ല ശുചിമുറി പോലുമില്ലാത്ത ആലപ്പുഴ ഓഫിസിലേക്കായിരുന്നു മാറ്റം. ഔദ്യോഗികതലത്തിലുള്ള ഒറ്റപ്പെടലും വേട്ടയാടലും ബീനയെ മാനസികമായി തളർത്തി. സർവിസിൽനിന്ന് വിരമിച്ചിട്ടും മാനസികസമ്മർദം ആരോഗ്യത്തെ ബാധിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻററിലെ ചികിത്സയിലാണ് ബീന ഇപ്പോൾ.
ഔദ്യോഗിക ജീവിതത്തിൽ ഒരു കുറ്റാരോപണ മെമ്മോപോലും വാങ്ങിയിട്ടില്ലാത്ത താൻ എന്തിനാണ് വേട്ടയാടപ്പെട്ടതെന്ന് ബീനക്ക് ഇപ്പോഴുമറിയില്ല. ഏത് സർക്കാറായാലും നിലപാട് തെറ്റാണെങ്കിൽ തുറന്നുപറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണമെന്ന് ബീന പറയുന്നു. ഹൈകോടതിക്ക് പിന്നാലെ പരമോന്നത നീതിപീഠവും തെൻറ നിലപാട് അംഗീകരിച്ചതിെൻറ സംതൃപ്തിയിലാണ് ബീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.