ഇനി റെസ്റ്റോറന്റുകളിലും ബിയറും വൈനും?
text_fieldsതിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സർക്കാർ. ടൂറിസം സീസണുകളിൽ മാത്രം കുറഞ്ഞ ലൈസൻസ് ഫീസിൽ ഇവയുടെ വിൽപനക്ക് അനുമതി നൽകാനാണ് തീരുമാനം. ടൂറിസം സീസണിലെ മൂന്ന് മാസമാണ് ഈ സൗകര്യം. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് പ്രത്യേക ലൈസൻസ് അനുവദിക്കുമെന്ന 2023-24 മദ്യനയത്തിന്റെ തുടർച്ചയായാണ് തീരുമാനം.
നാല് ലക്ഷം രൂപ ചെലവിൽ ഒരുവർഷത്തേക്ക് എഫ്.എൽ 11 ലൈസൻസ്അനുവദിക്കുന്ന രീതി നേരത്തേ ഉള്ളതാണ്. ഇത് നാല് പാദവാര്‍ഷികാടിസ്ഥാനത്തില്‍ (മൂന്ന് മാസം) ഒരു ലക്ഷം രൂപ ചെലവിൽ ലൈസൻസ് അനുവദിക്കും. ഇതിനുള്ള ചട്ടങ്ങൾ പൂർത്തിയായെങ്കിലും ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം ചെയ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്കുന്ന ക്ലാസിഫിക്കേഷന്‍ ലഭിച്ചതുമായ റസ്റ്റോറന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന്‍ ലഭിച്ച ഹോട്ടലുകള്‍ക്കും അപേക്ഷിക്കാം.
ബിയറും വൈനും ഒഴുക്കാൻ വഴിവെട്ടി സർക്കാർ
ആഘോഷമേതായാലും ലഹരി വേണമെന്ന സംസ്കാരത്തിലേക്ക് പുതുതലമുറ മാറിയെന്ന് സാമൂഹികശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന വേളയിലാണ് ബിയർ, വൈൻ ലഭ്യത ഇരട്ടിയാക്കുന്ന സർക്കാർ നടപടി.മൂന്ന് സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ലഭിച്ചിരുന്ന എഫ്.എൽ 11 ലൈസൻസ് സീസണുകളിലേക്ക് ചുരുക്കുമ്പോൾ നക്ഷത്ര പദവി ഒന്ന് മതിയെന്നതാണ് ഇതിലെ അപകടം.
വരുംകാലങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തട്ടുകടകളിലും ബിയറും വൈനും ലഭിക്കുമെന്ന് മദ്യവിരുദ്ധ പ്രവർത്തകർ പറയുന്നു.
അനധികൃത മദ്യവില്പന തടയും -മന്ത്രി
സംസ്ഥാനത്ത് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന റെസ്റ്റോറന്റുകളില്‍ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് അനധികൃത മദ്യവില്പന നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത് തടയാൻ നടത്തുന്ന പരിശോധനകളും തുടര്‍നടപടികളും വിദേശ വിനോദസഞ്ചാരികള്‍ക്ക് അസൗകര്യങ്ങളുണ്ടാക്കുന്നു.ഇതിന് പരിഹാരമെന്ന നിലയിലാണ് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ മദ്യത്തിൽ മുക്കിക്കൊല്ലും
വിനോദ സഞ്ചാരികളെ ആകർഷിക്കാനെന്ന പേരിലുള്ള ഇത്തരം പരിഷ്കാരങ്ങൾ സമീപവാസികളെയും കുട്ടികളെയും ബാധിക്കുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്ത് 80 ശതമാനത്തോളം വിദ്യാർഥികളും ലഹരി ഉപയോക്താക്കളോ വിൽപനക്കാരോ ആണ്. ഈ സാഹചര്യത്തിൽ ലഹരി ലഭ്യത വർധിപ്പിച്ച് മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.