ബി.എം.എസിനെയും പോപ്പുലർ ഫ്രണ്ടിനോട് ഉപമിക്കുമോ; കെ. സുരേന്ദ്രനെതിരെ ബെഫി
text_fieldsതൃശൂർ: ബാങ്കിങ് മേഖലയിലെ ട്രേഡ് യൂണിയൻ സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സംസ്ഥാന കമ്മിറ്റി. ബെഫി പോപ്പുലർ ഫ്രണ്ടിനേക്കാൾ അപകടകാരിയാണെന്ന പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രനും ജനറൽ സെകട്ടറി എസ്.എസ്. അനിലും വാർത്തകുറിപ്പിൽ പറഞ്ഞു.
ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്തില്ലെങ്കിലും തൊഴിലാളി സംഘടനയായ ബി.എം.എസ് പണിമുടക്കിനോട് യോജിപ്പുള്ളവരായിരുന്നു. പണിമുടക്കിനെ എതിർത്തില്ലെന്ന് മാത്രമല്ല പണിമുടക്കു വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബി.എം.എസ് തയ്യാറായി. ബി.എം.എസിനെ കൂടി പോപ്പുലർ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന അഭ്യർത്ഥനയുണ്ട്. 2015 വരെ ബി.എം.എസ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ഭാഗമായിരുന്നതും സുരേന്ദ്രനെ ഓർമ്മിപ്പിക്കുന്നില്ലെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.
സംഘടനയോട് ബി.ജെ.പി നേതൃത്വത്തിനുള്ള എതിർപ്പ് നോട്ടുനിരോധന കാലത്ത് തുടങ്ങിയതാണ്. കഴിഞ്ഞ മാസം നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികൾക്ക് പ്രശ്നങ്ങളുണ്ടാക്കിയെന്നത് അടുത്തിടെ ട്രേഡ് യൂണിയൻ സംഘടനകളെ കരിവാരി തേക്കാൻ നടത്തുന്ന ആസൂത്രിത നീക്കങ്ങളിൽനിന്ന് വ്യക്തമാണ്. 'അഗ്രസ്സീവ് ട്രേഡ് യൂണിയനിസ'ത്തിനെതിരെ സി.ഐ.ഐയും ഐ.എ.എസ് അസ്സോസിയേഷൻ മുതൽ കെ.എസ്.ഇ.ബി ചെയർമാൻ വരെയും നടത്തുന്ന ജൽപനങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണെന്നും സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.