ഫെബ്രുവരി 28ന് മുമ്പ് എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കണം
text_fieldsകൊച്ചി: ഫെബ്രുവരി 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കാൻ തീരുമാനം. കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻഭാഗത്തെ റോഡും ബസിന്റെ അകവും കാണാനാവുന്ന രീതിയിലാകണം കാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷ അതോറിറ്റി വഹിക്കും. കെ.എസ്.ആർ.ടി സി.ബസുകളിലും കാമറ ഘടിപ്പിക്കും. കാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
ഓരോ ബസും നിയമവിധേയമായാണോ ഓടുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനുള്ള ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകും. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകും. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കമുള്ള വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നൽകാനും തീരുമാനമായി.
ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ബസുകളുടെ മരണപ്പാച്ചിലിനെ ഹൈകോടതി നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തുവന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.