രജിസ്‌റ്റർ ചെയ്‌തു നൽകുംമുമ്പ് വിവാഹം നിയമപരമായാണോയെന്ന് ഉറപ്പുവരുത്തണം -ഹൈകോടതി
text_fieldsകൊച്ചി: നിയമപരമായാണോ നടന്നതെന്നെങ്കിലും ഉറപ്പുവരുത്തി വേണം തദ്ദേശ സ്ഥാപനങ്ങൾ വിവാഹം രജിസ്‌റ്റർ ചെയ്‌തു നൽകാനെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങൾ മനസ്സിരുത്താതെയാണ് വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
ഇതിൽ സർക്കാറിന്‍റെ നിലപാട് തേടിയ കോടതി, ഇതുസംബന്ധിച്ച ഹരജി വീണ്ടും സെപ്റ്റംബർ 11ന് പരിഗണിക്കാൻ മാറ്റി. ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്ത ക്രൈസ്തവ സമുദായക്കാരിയായ ഭാര്യയെ വിട്ടുകിട്ടാൻ കോട്ടയം സ്വദേശിയായ ഹിന്ദു യുവാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
ക്ഷേത്രത്തിൽ വിവാഹിതരായശേഷം പൊതുവിവാഹ ചട്ടപ്രകാരം വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തെന്നും ഇതിനുശേഷം യുവതിയെ വീട്ടുകാർ കടത്തിക്കൊണ്ടു പോയെന്നുമായിരുന്നു ഹേബിയസ് കോർപസ് ഹരജിയിലെ ആരോപണം. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ തമ്മിൽ ഒരു ആരാധനാലയത്തിൽ നടന്ന വിവാഹം പൊതു വിവാഹ ചട്ട പ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുന്നതെങ്ങനെയെന്ന് കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞു.
വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹം ഈ ചട്ടപ്രകാരമല്ല രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ ഇതു നോക്കാതെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുകയാണ്. വിവാഹത്തിന്‍റെ സാധുത നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിയമപരമായാണോ വിവാഹമെന്ന് പരിശോധിക്കുകയെങ്കിലും ചെയ്യണം. തുടർന്നാണ് തദ്ദേശ ഭരണ സെക്രട്ടറിയെ ഹരജിയിൽ സ്വമേധയാ കക്ഷിചേർത്ത് സർക്കാറിന്‍റെ നിലപാട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.