ഗോത്രോന്നതി പദ്ധതിക്ക് തുടക്കം: ഗോത്ര വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ ഇനി എളുപ്പം ലഭ്യമാകും
text_fieldsസുൽത്താൻ ബത്തേരി: ഗോത്ര വിഭാഗക്കാരുടെ അടിസ്ഥാന രേഖകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലാദ്യമായി നെന്മേനി ഗ്രാമപഞ്ചായത്തിൽ ഗോത്രോന്നതി പദ്ധതിക്ക് തുടക്കമായി. ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, സ്കൂൾ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ അടിസ്ഥാനരേഖകളും ഇല്ലാത്തവർക്കോ, നഷ്ടപ്പെട്ടവർക്കോ ശരിയാക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആവശ്യമായ അടിസ്ഥാന രേഖകൾ കൈവശമില്ലാത്തതിനാൽ ഗോത്ര വിഭാഗക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ട്രൈബൽ പ്രൊമോട്ടർമാരും അക്ഷയ ജീവനക്കാരും കോളനികളിലെത്തി സർവേ നടത്തുകയാണ് ആദ്യഘട്ടം. തുടർന്ന് അപേക്ഷകളിൽ ഒപ്പിട്ടു വാങ്ങി ഓൺലൈൻ ചെയ്ത് രേഖകൾ ലഭ്യമാക്കും. തുടക്കമെന്ന നിലയിൽ പഞ്ചായത്തിലെ എട്ട് വാർഡുകളിൽ പദ്ധതി ആരംഭിച്ചു. അടുത്ത രണ്ട് ഘട്ടത്തോടെ തൊട്ടടുത്ത മാസങ്ങളിൽ പദ്ധതി പൂർത്തീകരിക്കും. മലങ്കര പുഞ്ചവയലിൽ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് ഷീല പുഞ്ചവയൽ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജയ മുരളി, അസി. സെക്രട്ടറി സി. പ്രമോദ്, ബി. മധു, രാജൻ പുഞ്ചവയൽ, ഏലിയാസ് കുര്യൻ, അക്ഷയ സംരംഭക ബിന്ദു ഏലിയാസ്, ജിതിൻ മലവയൽ, ധന്യ മാക്കുറ്റി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.