വണ്ടിയെ സ്നേഹിച്ചതിന് കൊലപാതകിയെ പോലെ പെരുമാറുന്നു -ഇ ബുൾ ജെറ്റ്; വാഹനം രൂപമാറ്റം വരുത്തിയത് നിരവധി തവണയെന്ന് ആർ.ടി.ഒ
text_fieldsകണ്ണൂർ: ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്്. വാഹനത്തിന് ടാക്സ് അടക്കാൻ ബാക്കിയുണ്ടായിരുന്നുവെന്ന് കണ്ണൂർ ആർ.ടി.ഒ ഉണ്ണികൃഷ്ണൻ പറഞ്ഞു.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇവർ വാഹനം മൊത്തമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ടയറുകളും മാറ്റി. സെർച്ച് ലൈറ്റുകൾ അധിഘമായി ഘടിപ്പിച്ചു. വാഹനത്തിന്‍റെ നിറം വെള്ളയിൽനിന്ന് കറുപ്പാക്കി മാറ്റി. ബോഡിയിൽ ഗ്രാഫിക്സുകൾ ഉപയോഗിച്ചു.
മറ്റുള്ള യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. ഇതും ഇവർ ലംഘിച്ചു. ഇതിനെ തുടർന്നാണ് വാഹനം പിടിച്ചെടുത്തത്. ഓരോ ആൾട്ടറേഷനും 5000 രൂപ വെച്ചാണ് പിഴ ഈടാക്കിയത്.
വാഹനത്തിൽ രൂപമാറ്റം വരുത്തുന്നത് മുമ്പ് അപേക്ഷ നൽകണം. നിയമത്തിനുള്ളിൽ നിൽക്കുന്നവക്ക് അനുമതി നൽകും. രൂപമാറ്റം വരുത്തിയ ശേഷം വാഹനം അധികൃതരെ കാണിക്കണം. എന്നാൽ, മാത്രമേ വാഹനം പുറത്തിറക്കാൻ കഴിയൂ എന്നും ആർ.ടി.ഒ അറിയിച്ചു.
അതേസമയം, തങ്ങൾക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് എബിനും ലിബിനും ആരോപിച്ചു. ടാക്സ് അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് ആദ്യം എം.വി.ഡി വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്സിന്റെ പേപ്പർ കാണിച്ചപ്പോൾ വാഹനം വിട്ടുതന്നു.
അടുത്ത ദിവസം വീണ്ടും വന്ന് വാഹനം കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ 52,000 പിഴ അടക്കണമെന്നാണ് പറയുന്നത്. ഓഫിസിൽ അതിക്രമം കാണിച്ചെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് പൊലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണ്. നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വണ്ടിയെ സ്നേഹിച്ചതിന് കൊലപാതകിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, യൂട്യൂബർമാർ ആയാലും നിയമം ലംഘിച്ചാൽ മുഖം നോക്കാതെ നടപിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. പ്രതികളെ തിങ്കളാഴ്ച വൈകീട്ട് മജിസ്ട്രറ്റ് മുമ്പാകെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കും.
ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് നിരവധി പേരാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലും കാമ്പയിനുകൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.