വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് ബെഹ്റ; മലയാളിയാണെന്നും എല്ലാഭാഗത്ത് നിന്നും പിന്തുണ ലഭിച്ചുവെന്നും പ്രതികരണം
text_fieldsതിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റ ഇന്ന് പടിയിറങ്ങും. വിടവാങ്ങലിന് മുമ്പ് നൽകിയ യാത്രയപ്പ് ചടങ്ങിൽ വികാരധീനനായി കണ്ണീരണിഞ്ഞാണ് ബെഹ്റ സംസാരിച്ചത്. മുണ്ടുടുത്തതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്ന് ബെഹ്റ പറഞ്ഞു.
ഞാനൊരു മലയാളിയാണെന്നും എല്ലാ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ ഉപയോഗിക്കാൻ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു. പേരൂർക്കടയിൽ എസ്.എ.പി ഗ്രൗണ്ടിൽ നടന്ന വിടവാങ്ങൽ പരേഡിലാണ് ബെഹ്റയുടെ പ്രതികരണം.
ഏകദേശം അഞ്ചുവർഷമായി ബെഹ്റയാണ് സംസ്ഥാന പൊലീസ് മേധാവി. പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്സ് മേധാവി എന്നീ നാല് തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയുമാണ് അദ്ദേഹം. കേരള പൊലീസിൽ സാങ്കേതികവിദ്യയും ആധുനീകരണവും നടപ്പാക്കുന്നതിൽ ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. അതിനിടെ പല വിവാദങ്ങളിലും ഉൾപ്പെടുകയും ചെയ്തു.
1961 ജൂൺ 17ന് ഒഡിഷയിലെ ബെറംപൂരിലാണ് ബെഹ്റയുടെ ജനനം. 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവിസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻ.ഐ.എ) അഞ്ചുവർഷവും സി.ബി.ഐയിൽ 11 വർഷവും പ്രവർത്തിച്ചു.
ആലപ്പുഴയിൽ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണർ, കണ്ണൂർ എസ്.പി, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പൊലീസ് കമീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തി. 2016 ജൂൺ ഒന്നു മുതൽ സംസ്ഥാന പൊലീസ് മേധാവിയാണ്. പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.