കമ്യൂണിസ്റ്റായതിനാൽ കോളജിൽ പ്രവേശനമില്ല
text_fieldsതിരുവനന്തപുരം എം.ജി കോളജിലും യൂനിവേഴ്സിറ്റി കോളജിലും പഠിക്കുമ്പോൾ പി.കെ. വാസുദേവൻ നായരും ബാലകൃഷ്ണപിള്ളയുമൊക്കെ കമ്യൂണിസ്റ്റ് അനുഭാവികളും വിദ്യാർഥി യൂനിയൻ പ്രവർത്തകരും...
'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എഴുതിയ തോപ്പിൽ ഭാസി അന്ന് വിദ്യാർഥി കോൺഗ്രസുകാരൻ
ഇൻറർമീഡിയറ്റിന് എം.ജി കോളജിലും ബി.എക്ക് യൂനിവേഴ്സിറ്റി കോളജിലും. അന്ന് കേരള യൂനിവേഴ്സിറ്റി ആയിട്ടില്ല. തിരുവിതാംകൂർ യൂനിവേഴ്സിറ്റിയാണ്.
ഇൻറർമീഡിയറ്റിന് എം.ജി കോളജിൽ എത്തിയതിനു പിന്നിലുമുണ്ട് കൗതുകകരമായ ഒരു കഥ.
സ്കൂൾ വിദ്യാർഥിയായിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡൻറ്സ് ഫെഡറേഷെൻറ (എസ്.എഫ്) പ്രവർത്തകനായിരുന്നു പിള്ള. അന്നത്തെ ഇൻറർമീഡിയറ്റ് കോളജിെൻറ (പിൽക്കാലത്തെ ആർട്സ് കോളജ്) പ്രിൻസിപ്പൽ മള്ളൂർ ഗോവിന്ദപ്പിള്ളയുടെ മരുമകൻ ഷേക്സ്പിയർ ശിവരാമപിള്ള എന്നറിയപ്പെട്ടിരുന്നയാളായിരുന്നു. ബാലകൃഷ്‌ണപിള്ള എസ്.എഫുകാരനായതിനാൽ അവിടെ അഡ്മിഷൻ നിഷേധിക്കപ്പെട്ടു. ഇൻറർമീഡിയറ്റ് പഠനത്തിന് എം.ജി കോളജ് തെരഞ്ഞെടുക്കാൻ കാരണം അതായിരുന്നു എന്ന് പിള്ള പിന്നീട് പറഞ്ഞിട്ടുണ്ട്.
പിന്നീട് ഡിഗ്രിക്ക് യൂനിവേഴ്സിറ്റി കോളജിൽ എത്തിയപ്പോൾ സഹപാഠികളായിരുന്നവരിൽ പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന പലരുമുണ്ട്. പുതുശ്ശേരി രാമചന്ദ്രൻ, കിളിമാനൂർ രമാകാന്തൻ, കരമന ജനാർദനൻ നായർ, എൻ. മോഹനൻ, ജി.എൻ പണിക്കർ തുടങ്ങിയവരൊക്കെ അന്ന് ബാലകൃഷ്ണപിള്ളയുടെ സഹപാഠികളായിരുന്നു.
പഞ്ചാബെങ്കിൽ പഞ്ചാബ്..
സ്വന്തം നാവിന് കടിഞ്ഞാണിടാൻ പിള്ള മെനക്കെടാറില്ല... ആഞ്ഞുവീശുന്ന കോടാലി കണക്കൊരു പോക്കാണത്.. അതിനു മുന്നിൽ ചിലപ്പോൾ സ്വന്തം മകൻ പോലും മുറിവേറ്റു വീണെന്നിരിക്കും...
അങ്ങനെ ലക്കും ലഗാനുമില്ലാതെ പാഞ്ഞുകയറിയൊരു പ്രസംഗത്തിലാണ് പിള്ളക്ക് മന്ത്രിസ്ഥാനംവരെ രാജിവെക്കേണ്ടിവന്നത്. ചരിത്രത്തിൽ അതിന് 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരും പതിഞ്ഞു.
1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയാണ് ബാലകൃഷ്‌ണപിള്ള. അക്കാലത്ത് പാലക്കാടിന് ഒരു കോച്ച് ഫാക്ടറി അനുവദിക്കാമെന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഉറപ്പുനൽകിയിരുന്നു. പക്ഷേ, സമയമായപ്പോൾ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. അതേക്കുറിച്ച് മേയ് 25 ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരള കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ പിള്ളയൊരു പ്രസംഗം കാച്ചി. നാവിൽ വികടസരസ്വതി വിളയാടി. ഖാലിസ്ഥാൻ എന്ന പ്രത്യേക പദവിക്കായി സമരം ചെയ്യുന്ന പഞ്ചാബുകാരെ തൃപ്തിപ്പെടുത്താനാണ് രാജീവ് ഗാന്ധി കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതെന്നായിരുന്നു പിള്ളയുടെ ആക്ഷേപം. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിന് നിർബന്ധിതരാകുമെന്ന് പിള്ള പ്രസ്താവിച്ചു.
ജി. കാർത്തികേയനെ പോലുള്ള യൂത്ത്‌കോൺഗ്രസ് നേതാക്കൾ അന്ന് ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമാണ്. മന്ത്രി എന്നനിലയിൽ പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനമാണെന്നും മന്ത്രിപദം രാജിവെക്കണമെന്നും പാളയത്തിൽ നിന്നുതന്നെ പടയൊരുങ്ങി. കേരള ഹൈകോടതിയിൽ വിഷയം പൊതുതാൽപര്യ ഹരജിയായെത്തി. ജസ്‌റ്റിസ് രാധാകൃഷ്‌ണ മേനോെൻറ പരാമർശത്തെ തുടർന്ന് പിള്ളക്ക് മന്ത്രിപദം രാജിവെക്കേണ്ടിവന്നു. പകരം കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പിെൻറ അധിക ചുമതല.
കൊട്ടാരക്കരയും പിള്ളയും
യാത്ര ചെയ്യാനാളുണ്ടോ എന്നു നോക്കാതെ കേരളത്തിെൻറ ഏത് മുക്കിൽ നിന്നും കൊട്ടാരക്കരയിലേക്ക് കെ.എസ്.ആർ.ടി.സി ബസുണ്ടായിരുന്ന ഒരു കാലമുണ്ട്. ആർ. ബാലകൃഷ്‌ണപിള്ള ട്രാൻസ്പോർട്ട് മന്ത്രിയായ കാലത്തു തുടങ്ങിയ ശീലമാണത്. കൊട്ടാരക്കര എന്നാൽ ആർ. ബാലകൃഷ്‌ണപിള്ള എന്നായിരുന്നു ഒരു കാലത്ത് അർഥം.
ഇരുമുന്നണികൾക്കുമൊപ്പം മാറി മാറി തായം കളിച്ച രാഷ്ട്രീയ ജീവിതത്തിൽ കൊട്ടാരക്കര മണ്ഡലം പിള്ളയെ വരിച്ചത് എട്ടു തവണയായിരുന്നു. ഒരു തവണ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ കൂടിയതേയില്ല. 1977മുതൽ 2001 വരെ നടന്ന തുടർച്ചയായ ഏഴ് തെരഞ്ഞെടുപ്പിലും കൊട്ടാരക്കര മണ്ഡലത്തിൽനിന്ന് പിള്ളതന്നെ തെരഞ്ഞെടുക്കപ്പെട്ടു.
1960ലാണ് ആദ്യമായി പിള്ള തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അന്ന് പത്തനാപുരം മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ വയസ്സ് വെറും 25. മത്സരിക്കാൻ പോന്ന പ്രായത്തെക്കുറിച്ച് തർക്കംവരെ മുറുകി. കോൺഗ്രസിെൻറ ബാനറിൽ ആ മത്സരം ജയിച്ച പിള്ള 1965 ൽ കൊട്ടാരക്കര മണ്ഡലത്തിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കേരള കോൺഗ്രസുകാരനായി മാറിയിരുന്നു. സി.പി.ഐ - ആർ.എസ്.പി സ്ഥാനാർഥിയായി ഇ. ചന്ദ്രശേഖരൻ നായരും കോൺഗ്രസ് സ്ഥാനാർഥിയായി ടി.കെ. കുര്യാക്കോസും സി.പി.എം സ്ഥാനാർഥിയായി പാപ്പച്ചനും കേരള കോൺഗ്രസുകാരനായി പിള്ളയും ചതുഷ്കോണ മത്സരത്തിനിറങ്ങിയപ്പോൾ 8139 വോട്ടിെൻറ വിജയം പിള്ളക്കായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അക്കുറി നിയമസഭ കൂടിയില്ല.
പക്ഷേ, 1967ൽ പിള്ളക്ക് അടി തെറ്റി. കോൺഗ്രസിലെ ഗർജിക്കുന്ന സിംഹമായിരുന്ന സി.എം. സ്റ്റീഫനെയും ബലാകൃഷ്ണപിള്ളയെയും തറപറ്റിച്ച് ഇ. ചന്ദ്രശേഖരൻ നായർ നിയമസഭയിലെത്തി. 1970ലും പിള്ള തോറ്റു. സി.പി.എം സ്ഥാനാർഥിയെ നിർത്താതിരുന്നിട്ടും കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണൻ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചു.
തൊട്ടടുത്ത വർഷം മാവേലിക്കര മണ്ഡലത്തിൽനിന്ന് പാർലമെൻറിലേക്ക് ജയിച്ചു. 75ൽ കേരള കോൺഗ്രസ് മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതിെൻറ ഭാഗമായി പിള്ള അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. പാർലമെൻറംഗമായിരിക്കെ കേരള മന്ത്രിസഭയിലും അംഗമായ റെക്കോഡും അങ്ങനെ പിള്ളക്കായി.
1977ൽ കേരള കോൺഗ്രസ് സി.പി.എമ്മിനൊപ്പം നിന്നു. സി.പി.ഐ - കോൺഗ്രസ് മുന്നണി സ്ഥാനാർഥിയായ കൊട്ടറ ഗോപാലനും സി.പി.എം - കേരള കോൺഗ്രസ് സ്ഥാനാർഥിയായി ബാലകൃഷ്ണപിള്ളയും മത്സരിച്ചു. ജയിച്ചത് പിള്ളതന്നെയാണ്.
1980ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ, ആർ.എസ്.പി, അഖിലേന്ത്യ ലീഗ്, കോൺഗ്രസ് (എ), പാർട്ടികളോടൊപ്പം പിള്ളയും ചേർന്നു. യു.ഡി.എഫിലെ തേവന്നൂർ ശ്രീധരൻ നായരെ 36,711 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബാലകൃഷ്‌ണപിള്ള തറപറ്റിച്ചു. അക്കാലത്തെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു അത്. നായനാർ മന്ത്രിസഭയിൽ പിള്ള വൈദ്യുതി മന്ത്രിയായി.
1982ൽ പിള്ളയുടെ പാർട്ടി കോൺഗ്രസിൽ ലയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പിള്ള ഇ. ചന്ദ്രശേഖരൻ നായരെ തോൽപ്പിച്ചു. വിവാദമായ 'പഞ്ചാബ് മോഡൽ പ്രസംഗ'ത്തിെൻറ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയുംവന്നു.
പിന്നീട് കൊട്ടാരക്കര മണ്ഡലത്തിൽ പിള്ളയുടെ ഇരകളാകാനായിരുന്നു ഇടതു മുന്നണി സ്ഥാനാർഥികളുടെ വിധി. 87ൽ സി.പി.ഐയിലെ ഇ. രാജേന്ദ്രനെ തോൽപ്പിച്ചപ്പോൾ 91ലും 96ലും സി.പി.എമ്മിലെ ജോർജ് മാത്യുവായിരുന്നു പിള്ളക്ക് ഇരയായത്. 2001ൽ സി.പി.എം രവീന്ദ്രൻ നായരെ ഇറക്കിയെങ്കിലും ജയം പിള്ളയ്ക്കു തന്നെയായിരുന്നു.
പക്ഷേ, 2006ൽ കൊട്ടാരക്കര കൊമ്പന് പി. െഎഷാ പോറ്റി എന്ന പുതുമുഖത്തിനു മുന്നിൽ അടിപതറി. വി.എസ് തരംഗത്തിൽ ഇടതുമുന്നണി ഭരണം പിടിച്ച തെരഞ്ഞെടുപ്പിൽ 12087 വോട്ടിനായിരുന്നു ഈ അതികായെൻറ പതനം.
ഓരോ തിരിച്ചടികളിലും പിള്ളക്കൊപ്പം നിന്ന മണ്ഡലമാണ് കൊട്ടാരക്കര. വിവാദങ്ങളിലും കോടതി വിധികളിലും ജയിൽവാസത്തിലും പെട്ട് തിരിച്ചിറങ്ങേണ്ടിവരുമ്പോൾ പിള്ള പതിവായി പറഞ്ഞിരുന്ന ഒരു ഡയലോഗുണ്ട്... 'ഇനി ജനങ്ങളുടെ കോടതിയിൽ കാണാം...'
ജനം എന്നാൽ പിള്ളക്ക് കൊട്ടാരക്കരക്കാരാണ്. ആ വിശ്വാസത്തിന് 2006ൽ ഇളക്കം തട്ടിയപ്പോൾ മുതൽ തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് വിട്ടുനിന്നത് അതുകൊണ്ടാണ്. തന്നെ ജയിലിലാക്കിയ ഇടതു മുന്നണിയിൽ അവസാന കാലത്ത് കാബിനറ്റ് പദവിയിൽ മുന്നാക്ക ക്ഷേമ കമീഷൻ ചെയർമാനായി തിരിച്ചുകയറിയത് ഒരർഥത്തിൽ പിള്ളയുടെ മധുരപ്രതികാരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.