ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ്; ആഘോഷ രാവുകള്‍ക്ക് ഇന്ന് തുടക്കം
text_fieldsഉദുമ: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആഘോഷരാവുകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു മുന്നോടിയായി പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം സൂര്യപുത്രനും ഉദ്ഘാടന ചടങ്ങിന് ശേഷം തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോയും അരങ്ങേറും. ശനിയാഴ്ച പ്രധാന വേദിയില്‍ ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ട്രിയോ സംഘടിപ്പിക്കും, 24ന് കെ.എസ്. ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 25ന് എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവെൻറ്, 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ്, 27ന് പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് സോള്‍ ഓഫ് ഫോക്കുമായി അതുല്‍ നറുകര, 29ന് കണ്ണൂര്‍ ശരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്, 30ന് ഗൗരിലക്ഷ്മി മ്യൂസിക്കല്‍ ബാൻറ്, സമാപന ദിവസമായ 31ന് റാസാ ബീഗം ഗസല്‍ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാൻറും അവതരിപ്പിക്കുന്ന മെഗാ ന്യൂയര്‍ നൈറ്റ് എന്നിവയാണ് മുഖ്യ ആകര്ഷണങ്ങള് കൂടാതെ വിപണന മേളയും ഭക്ഷ്യ സ്റ്റാളുകളും അമ്യൂസ്മെൻറ് പാര്‍ക്കും കളിയിടങ്ങളും ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
രണ്ടാം വേദി റെഡ് മൂണ്‍ ബീച്ചില്‍ ആണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് വേദിയില്‍ അരങ്ങേറുക. ജില്ലയുടെ തനത് കലാരൂപങ്ങളും ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 30 കലാസമിതികളില്‍ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്.
ഡിസംബര്‍ 23 മുതല്‍ 31 വൈകീട്ട് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ അഞ്ചു മുതല്‍ ഏഴു വരെ സാംസ്കാരിക സദസ്സും ഒരുക്കും. പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാംസ്കാരിക സദസ്സിന്റെ ഭാഗമാകും.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍
ബീച്ച് ഫെസ്റ്റിവല്‍ 2023 സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉത്തരവായി. ഫെസ്റ്റിവല്‍ സംഘാടകരായ ബി.ആര്.ഡി.സി പരിപാടിയുടെ പൂര്‍ണസുരക്ഷാ ചുമതല ഉറപ്പുവരുത്തുകയും അത് നടപ്പിലാക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ്, കോസ്റ്റല്‍ പൊലീസ്, അഗ്നിശമന രക്ഷാ സേന, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്, ലീഗല്‍ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, വൈദ്യുതി ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, ഹോസ് ദുര്‍ഗ് തഹസില്‍ദാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജല അതോറിറ്റി, ആര്.ടി.ഒ, എന്‍ഫോഴ്സ്മെൻറ്, എക്സൈസ് വകുപ്പ്, കെ.എസ്.ആര്.ടി.സി എന്നിവ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ജില്ല കലക്ടര്‍ വ്യക്തമാക്കി.
വിപുലമായ തയാറെടുപ്പുകൾ
ഹോസ്ദുർഗ്: ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണുള്ളത്. ലീഗല്‍ മെട്രോളജി വിനോദങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളും ജനങ്ങള്‍ എത്തിച്ചേരുന്ന വാഹനങ്ങളും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഭക്ഷണത്തിന്റെയും സാമഗ്രികളുടെയും വിലവിവരപ്പട്ടിക എല്ലാ സ്റ്റാളുകളിലും പ്രദര്പ്പിക്കുന്നത്തിനായി നിര്‍ദേശം നല്‍കും. അളവ്, തൂക്കം പരിശോധന നടത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും.
കെ.എസ്.ആര്.ടി.സി
പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കും.
കേരള വാട്ടര്‍ അതോറിറ്റി
ബീച്ചിൽ വരുന്ന സന്ദര്‍ശകര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി ബീച്ചിലെ കിണറുകളില്‍നിന്നുള്ള വെള്ളം ആരോഗ്യവകുപ്പ് മുഖാന്തരം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും.
തഹസില്‍ദാര്‍, ഹോസ്ദുർഗ്
ഫെസ്റ്റിവല്‍ കണ്ട്രോള് റൂം ഇന്‍ ചാര്‍ജ് ചുമതല വഹിക്കും. വകുപ്പുകളില്‍നിന്ന് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വകുപ്പകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യും.
പള്ളിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി
അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഉത്തരവനുസരിച്ച് ഫെസ്റ്റിവല്‍ നടക്കുന്നു എന്ന് ഉറപ്പു വരുത്തും. അഡ്വഞ്ചര്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ സര്‍ക്കാര്‍ മാർഗ നിര്‍ദേശങ്ങള്‍ പ്രകാരം നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
എക്സൈസ് വകുപ്പ്
ഫെസ്റ്റിവല്‍ പ്രദേശത്ത് മദ്യം, മറ്റു ലഹരി വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചു. വില്പനയോ ഉപയോഗമോ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തിക്കും.
ബി.ആര്.ഡി.സി
എന്‍ട്രി, എക്സിറ്റ് പോയന്റുകള്‍ അടയാളപ്പെടുത്തിയ വിശദമായ ലൊക്കേഷന്‍ മാപ്പ് തയാറാക്കി. വിനോദത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍, വാഹനങ്ങള്‍, മുതലായവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ലൈസന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയവയായിരിക്കണം എന്ന് ഉറപ്പുവരുത്തും. കണ്ട്രോള് റൂം ആരംഭിച്ച് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തും.
ഫെസ്റ്റിവല്‍ പ്രദേശത്ത് പൂര്‍ണമായും കേള്‍ക്കുന്ന തരത്തില്‍ അനൗണ്‍സ്മെന്റ് സംവിധാനം, സി.സി.ടി.വി നിരീക്ഷണ സംവിധാനം എന്നിവ ഒരുക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. തിക്കിലും തിരക്കിലും കൂട്ടംതെറ്റി പോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പൊലീസുമായി സഹകരിച്ച് നടപടി സ്വീകരിക്കും. 24 മണിക്കൂര്‍ സേവന ആവശ്യം വരുന്ന ഉദ്യോഗസ്ഥര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പടക്കം ഉള്‍പ്പെടെയുള്ള കരിമരുന്ന് പ്രയോഗം നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കുലര്‍ പ്രകാരം കലക്ടറില്‍നിന്ന് മുന്‍കൂര്‍ അനുമതി നേടണം. ക്രോസ് ഫെന്‍സിങ് നിര്‍മിച്ച് റെയില്‍വേ ട്രാക്കിലേക്കുള്ള ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി തടയണമെന്ന് കലക്ടര്‍ അറിയിച്ചു.
ഫെസ്റ്റിനെ വരവേല്‍ക്കാന്‍ കുടുംബശ്രീയും
ഡിസംബര്‍ 22 മുതല്‍ 31വരെ ബേക്കലില്‍ നടക്കുന്ന ബേക്കല്‍ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും ഉൽപന്ന പ്രദര്‍ശന വിപണനമേളയും ഒരുങ്ങും. ഫുഡ് കോര്‍ട്ടില്‍ 12 സ്റ്റാളുകളിലായി ഇരുപതില്പരം സംരംഭകരുടെ രുചിക്കൂട്ട് ലഭ്യമാകും. കുടുംബശ്രീ ഉൽപന്ന പ്രദര്‍ശന വിപണനമേളയില്‍ 10 സ്റ്റാളുകളിലായി 50 സംരംഭങ്ങളുടെ ഉൽപന്നങ്ങള് ലഭ്യമാക്കും.
റെയില്‍വേ ട്രാക്ക് വഴിയുള്ള ജനങ്ങളുടെ സഞ്ചാരം നിരോധിച്ചു
റെയില്‍വേ ട്രാക്കിലും പരിസരത്തും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു. എന്‍.ഡി.എം.എ (ദേശീയ ദുരന്ത നിവാരണ അതോറിറ്റി ) ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാരിയിങ് കപ്പാസിറ്റി പരിശോധിച്ച് അതിനനുസരിച്ച് മാത്രം തിരക്കു കൂടാതെ ജനങ്ങളെ കടത്തിവിടും. കാരിയിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളെ യാതൊരു കാരണവശാലും വെന്യൂവിലേക്ക് കടത്തിവിടില്ല. കാരിയിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ. ജനങ്ങള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഫെസ്റ്റിവല്‍ പ്രദേശത്ത് അപമര്യാദയായി പെരുമാറുന്നത് നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.