മണ്ണിലാണ്ടവരെ കണ്ടെത്താൻ ബെൽജിയം നായകൾ
text_fieldsമൂന്നാർ: മണ്ണിനടിയിൽ പൂണ്ടവരെ ഓരോരുത്തരെയായി കണ്ടെത്താൻ മായയും ഡോണയും. കനത്ത മൂടൽ മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തിലാണ് തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നെത്തിച്ച നായ്ക്കൾ കർമനിരതരായത്.
അര മണിക്കൂറിനകം ആദ്യ മൃതദേഹത്തിെൻറ സാന്നിധ്യം മായ കണ്ടെത്തി. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ബെൽജിയം മെലനോയിസ് ഇനത്തിൽപെട്ട മായയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.
മൃതദേഹങ്ങൾ കിടക്കുന്നിടം മണം പിടിച്ച് മനസ്സിലാക്കിയ ശേഷം നായ് പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ആ സ്ഥലത്ത് തിരച്ചിൽ നടത്തി കണ്ടെത്തുകയാണ് ചെയ്തത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകർ പറഞ്ഞു. ബിൻ ലാദനടക്കമുള്ളവരെ പിടികൂടാനായി അമേരിക്കൻ പട്ടാളം ഉപയോഗിച്ച ബെൽജിയം മലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളാണ് മായയും ഡോണയും.
ആറുമാസം മുമ്പാണ് ഇവർ പൊലീസ് അക്കാദമിയിലെത്തിയത്. ഒരു വർഷത്തെ പരിശീലനമാണ് നൽകുന്നത്. ദുരന്തമേഖലകളിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനും പരിശീലനം നൽകുന്നുണ്ട്. തിങ്കളാഴ്ച പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.