ബിലീവേഴ്സ് ചർച്ച്: പരിശോധനക്ക് ഇ.ഡി സംഘവുമെത്തി
text_fieldsതിരുവല്ല: ബിലീവേഴ്സ് ചർച്ചിെൻറ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗം റെയ്ഡ് തുടരുന്നതിനിടെ പരിശോധനകൾക്ക് കൊച്ചിയിൽനിന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘവും തിരുവല്ലയിലെത്തി.
എൻഫോഴ്സ്മെൻറുകൂടി എത്തിയ സാഹചര്യത്തിൽ പരിശോധനകൾ നീളാനാണ് സാധ്യത. റെയ്ഡിൽ ഇതുവരെ നിരോധിത നോട്ട് ഉൾെപ്പടെ 11 കോടി രൂപയാണ് പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്കുചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപെടാത്ത 11 കോടി പിടികൂടിയത്.
ഇതിൽ രണ്ടുകോടിയുടെ നിരോധിത നോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നാണ് കണ്ടെടുത്തത്. ഒമ്പതുകോടി ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നാണ് ലഭിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിലീവേഴ്സ് ചർച്ച് കണക്കിൽെപടാത്ത 6000 കോടി രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പിെൻറ കണ്ടെത്തൽ. സഭാ ആസ്ഥാനത്തടക്കം ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം –ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് േഫാറം
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.
സഭയെയും മെത്രാപ്പോലീത്തയെയും വിശ്വാസി സമൂഹത്തിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സേവ് ഫോറം പ്രസിഡൻറ് അഡ്വ. സ്റ്റീഫൻ ഐസക്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഭ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. അച്ചന്മാരടക്കം ജീവനക്കാർക്ക് ശമ്പളംപോലും മുടങ്ങുന്നു.
സമൂഹനന്മ ലക്ഷ്യംവെച്ച് സഭാ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (ബിഷപ് കെ.പി. യോഹന്നാൻ) തുടങ്ങിയ പ്രസ്ഥാനം ചില തൽപരകക്ഷികൾ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനും സ്വന്തം പ്രശസ്തിക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നതിെൻറ തെളിവാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഭൂഗർഭ ഗോഡൗണിൽ ഒളിപ്പിച്ചിരുന്ന വാഹനത്തിൽനിന്ന് കോടിക്കണക്കിന് രൂപ ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പണം ഒളിപ്പിച്ച കാറിെൻറ താക്കോൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മെഡിക്കൽ കോളജ് മാനേജർ ഫാ. സിജോ പന്തപ്പള്ളിയിലിെൻറ വീട്ടിൽ നടന്ന റെയ്ഡിലാണ്.
വൈദികൻ അന്യായമായി സമ്പാദിച്ച കള്ളപ്പണം സഭയുടെ കെട്ടിടത്തിൽ സൂക്ഷിച്ചതിന് സഭയെ കുറ്റപ്പെടുത്തേണ്ടതില്ല. ഫാ. സിജോ പന്തപ്പള്ളി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂരിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇത്. മെഡിക്കൽ കോളജ് 50 കോടിയിൽപരം രൂപക്ക് കടപ്പെട്ടിരിക്കുകയാണ്. തിരുവല്ലയിലെ വിവിധ ബാങ്കുകളിൽനിന്ന് ഭീമമായ വായ്പയെടുത്താണ് നടത്തുന്നത്.
സഭയുടെ മുഴുവൻ സ്വത്തുക്കളും കൊള്ളയടിക്കുന്ന സമീപനമാണ് മാനേജരുടേത്. ബിഷപ് യോഹന്നാൻ നിരപരാധിയാണ്. എട്ടുമാസമായി അദ്ദേഹം സഭാ ആസ്ഥാനത്ത് എത്തിയിട്ടുപോലുമില്ല. മെത്രാപ്പോലീത്തയെ അപായെപ്പടുത്തുമെന്ന് വിശ്വാസിസമൂഹത്തിന് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.