പിടികൊടുക്കാതെ ബേലൂർ മഖ്ന
text_fieldsമാനന്തവാടി: ആളെക്കൊല്ലിയായ ബേലൂർ മഖ്ന എന്ന കാട്ടാന മയക്കുവെടിക്ക് നിന്നുകൊടുക്കാതെ ദൗത്യസംഘത്തെ വട്ടംകറക്കുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെ ജനവാസ കേന്ദ്രമായ കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപത്തെ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ നിലയുറപ്പിച്ചതായി സ്ഥിരീകരിച്ചതോടെ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, വൈൽഡ് ലൈഫ് സി.സി.എഫ് ഷബാബ് മുഹമ്മദ്, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നകരീം, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി.ദിനീഷ്, വെറ്ററിനറി ഡോ. അജേഷ് മാധവൻ എന്നിവരുടെ നേതൃത്വത്തിൽ മയക്കുവെടി വെക്കാനുള്ള ശ്രമം തുടങ്ങി. മുത്തങ്ങയിൽ നിന്ന് എത്തിച്ച നാല് കുങ്കിയാനകളെയും ഉപയോഗിച്ച് വെടിവെക്കാൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി.
കുങ്കിയാനകളെ കണ്ടതോടെ ആന ആക്രമണ സ്വഭാവം പുറത്തെടുത്ത് വനപാലകർക്ക് നേരേ തിരിഞ്ഞു. ആരോഗ്യവാനായ ആന അതിവേഗം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതോടെ ദൗത്യസംഘം നെട്ടോട്ടമായി. വൈകീട്ട് നാലരയ്ക്ക് ശേഷം ആനയുടെ സിഗ്നനൽ ലഭിക്കാതായതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തുകയും രാത്രിയിൽ നിരീക്ഷണത്തിനായി വനപാലകരെ നിയോഗിക്കുകയും ചെയ്തു. ദൗത്യം തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.
ആന വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതിനാലും അടഞ്ഞ അടിക്കാടുള്ളതിനാലും മയക്കുവെടി വെക്കുന്നത് ദുഷ്കരദൗത്യമാണ്. പ്രവര്‍ത്തന പുരോഗതിയെ ഇത് ബാധിക്കുന്നുണ്ട്. തിങ്കളാഴ്ചത്തെ തിരച്ചിലിൽ മണ്ണാര്‍ക്കാട്, നിലമ്പൂര്‍ മേഖലകളില്‍ നിന്നും കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തിക്കും. ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.