സർക്കാർ ഉദ്യോഗസ്ഥരുടെ ബിനാമി പ്രവൃത്തികൾ; വിജിലൻസ് പരിശോധന കർശനമാക്കുന്നു
text_fieldsകോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവരെ ബിനാമിയാക്കി വിവിധ ജോലികൾ ഏറ്റെടുക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം കർശനമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഓവർസിയർമാരും എൻജിനീയർമാരും മറ്റു പേരുകളിലും ജോലിക്കാരെ വെച്ചും സ്ഥാപനം നടത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് വിജിലൻസ് നടപടികൾക്ക് നീക്കമാരംഭിച്ചത്.
കെട്ടിടനിർമാണങ്ങളുടെ പ്ലാൻ പാസാക്കി നിർമാണ പുരോഗതി വിലയിരുത്തേണ്ട ഉദ്യോഗസ്ഥരുടെ ബന്ധുക്കളോ അടുപ്പക്കാരോ നടത്തുന്ന സ്ഥാപനങ്ങൾ തന്നെ പ്ലാൻ വരക്കുന്നതും നിർമാണജോലി ഏറ്റെടുക്കുന്നതും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതുമൂലം കെട്ടിടനിർമാണ ചട്ടങ്ങളിൽ വൻ ക്രമക്കേടുകളും അഴിമതിയുമാണ് നടമാടുന്നത്. ഉദ്യോഗസ്ഥൻ സ്ഥലംമാറ്റം വാങ്ങുന്ന സ്ഥലത്തേക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനം നീളുകയാണ്. തൊഴിലുറപ്പ് നിർമാണ പദ്ധതികൾക്ക് നിയമിക്കുന്ന കരാർ ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുന്നതിനും സർക്കാർ തടയിട്ടു. ഇത്തരക്കാരെ കരാർ ജോലിയിൽനിന്ന് പുറത്താക്കാൻ സർക്കാർ ഉത്തരവിറക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒന്നുവീതം അക്രഡിറ്റഡ് എൻജിനീയർ, അക്രഡിറ്റ് ഓവർസിയർ, മൂന്ന് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. പലരും സ്വന്തം പേരിലും ബിനാമിയായും സ്ഥാപനങ്ങളും പ്രവൃത്തികളും നടത്തി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രവൃത്തികൾ നേടുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ വരക്കൽ, ഡ്രോയിങ് തയാറാക്കൽ തുടങ്ങിയ ജോലികളാണ് സ്ഥാപനങ്ങൾക്ക് അനധികൃതമായി നൽകിവരുന്നത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറിമാരാണ് നടപടി സ്വീകരിക്കേണ്ടത്. ഇത്തരക്കാരെ പുറത്താക്കാൻ ജില്ല കലക്ടർക്ക് പ്രത്യേകത അധികാരം നൽകിയും സർക്കാർ ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.