വയലുകളിൽ മുഴങ്ങുന്നത് ബംഗാളി ഞാറ്റുപാട്ട്
text_fieldsഇരിട്ടി: വയലുകളിൽ പണിയെടുക്കാൻ നാട്ടുകാരെ കിട്ടാതായതോടെ വയലുകളിലും മുഴങ്ങുന്നത് ബംഗാളി ഞാറ്റുപാട്ട്. പായത്തെ പാടശേഖരത്തിലാണ് ഞാറ് നടാൻ ബംഗാളികൾ ഇറങ്ങിയത്. വരമ്പത്തിരുന്നു കൈകൊട്ടി നോക്കിനിൽക്കാനാണ് മലയാളിയുടെ യോഗം.
വയലേലകളിൽ പണിയെടുക്കാൻ ആളെ കിട്ടാതായതോടെയാണ് ഉത്തരേന്ത്യയിൽ നിന്നും ആളുകൾ എത്തിയത്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽനിന്നും എത്തിയ അഞ്ചംഗ സംഘമാണ് പായത്തെ പാടത്ത് പണിക്കായി എത്തിയത്.
ഒരുകാലത്ത് നാട്ടിപ്പാട്ട് കേട്ടിരുന്ന നമ്മുടെ വയലേലകളിൽ ബംഗാളി പാട്ടിന്റെ ഈണത്തിലാണ് ഞാറു നടീൽ. വർഷത്തിൽ ഒന്നും രണ്ടും മൂന്നും തവണ കൃഷി ചെയ്തിരുന്ന പായത്തെ നെൽപാടത്തിൽ കുറച്ചുവർഷങ്ങളായി നെൽകൃഷി നന്നെ കുറഞ്ഞിരുന്നു.
നെൽവയലിൽ പണിയെടുക്കാൻ ആളുകളെ കിട്ടാതായതോടെയാണ് നെൽപാടങ്ങൾ തരിശായി കിടക്കാൻ തുടങ്ങിയത്.
കരനെൽ കൃഷിക്ക് കൂടി പഞ്ചായത്ത് പ്രോത്സാഹനം നൽകിയപ്പോൾ പിന്നെ വയലുകളെല്ലാം അനാഥമായി. പായം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ഇത്തവണ നെൽകൃഷി ചെയ്യണമെന്ന തീരുമാനമാണ് ബംഗാളിൽനിന്നും ആളുകളെ എത്തിക്കാൻ ഇടയാക്കിയത്. അഞ്ച് ഹെക്ടർ സ്ഥലത്താണ് നെൽകൃഷി.
നിലം ഉഴുതൊരുക്കി ഞാറ് നടുന്ന ജോലി ഇവരെ ഏൽപ്പിച്ചു.
ഒരു ഏക്കറിന് 15,000 രൂപയാണ് ഇവർക്ക് നൽകേണ്ടതെന്ന് പാടശേഖര സമിതി സെക്രട്ടറി എം. ദിനേശൻ പറഞ്ഞു. നല്ല വേഗത്തിലാണ് ഇവരുടെ ജോലിയെന്ന് കർഷകനായ പ്രഭാകരനും പറഞ്ഞു.
സമസ്ത മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തിയ ഉത്തരേന്ത്യക്കാർ മലയാളികളുടെ നെൽപാടങ്ങൾ കൂടി ഏറ്റെടുക്കുമ്പോൾ നാട്ടിൻപുറങ്ങളിലെ കാളപൂട്ടും നാട്ടിപ്പാട്ടും പൊൻകതിർ കൊയ്ത്തുമെല്ലാം ഇനി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ മാത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.