ബംഗളൂരു മയക്കുമരുന്ന് കേസ് പിന്നിൽ വൻ സംഘം; അന്വേഷണം കൊച്ചിയിലേക്കും
text_fieldsകൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൊച്ചിയിലെ ലഹരി മാഫിയയിലേക്ക്. അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിെൻറ ഇടപാടുകളിലെ ദുരൂഹതയാണ് കൊച്ചിയിലെ ലഹരി സംഘങ്ങൾക്ക് കേസുമായി ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിച്ചത്. ഇയാൾ കൊച്ചിയിലെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇവർ വഴി സിനിമ മേഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് ഒഴുകിയിരുന്നുവെന്നുമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നൽകുന്ന വിവരം.
മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്ന് ഇത് സംബന്ധിച്ച വാട്ട്സ്ആപ്പ്, ടെലിഗ്രാം സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിലെ മുഖ്യകണ്ണി അനൂപ് അല്ലെന്നും ഇയാൾക്ക് പിന്നിൽ വൻ സംഘങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
മലയാള സിനിമ മേഖലയിലെ ചിലർ ലഹരിക്കടത്തിൽ സജീവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ മുഖേന കൊച്ചിയിൽ വൻതോതിൽ ലഹരി വിതരണം നടന്നിട്ടുണ്ട്. ബംഗളൂരുവിൽ അറസ്റ്റിലായ നടി അനിഘയുടെ ഫോണിൽനിന്നാണ് ഇതിെൻറ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വരും ദിവസങ്ങളിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
കൊച്ചിയിൽ സിനിമ മേഖല കേന്ദ്രീകരിച്ച് വൻ ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നതായി മുമ്പുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികൾക്കുള്ള പങ്കിനെക്കുറിച്ച് എൻ.ഐ.എ, കസ്റ്റംസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവ അന്വേഷണം ആരംഭിച്ചു.
ലഹരി ഇടപാടുകളിൽനിന്ന് ലഭിച്ച പണം പ്രതികൾ സ്വർണക്കടത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിനെ ജില്ല ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുമതി തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.