ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ഉടനെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ഉടൻ സർവിസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി എം.കെ. രാഘവൻ എം.പി. നിലവിൽ ബംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്ക് സർവിസ് നടത്തുന്ന ട്രെയിൻ കോഴിക്കോടേക്ക് നീട്ടിയ റെയിൽവേ ബോർഡ് തീരുമാനത്തെ എതിർത്ത് കഴിഞ്ഞ ദിവസം മംഗളൂരു എം.പിയും മുൻ ബി.ജെ.പി കർണാടക അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു.
ഇതിന് പിന്നാലെ താൻ മന്ത്രിയുമായ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനം പിൻവലിക്കരുതെന്നും പിൻവലിച്ചാൽ ജനകീയ പ്രക്ഷോഭമുണ്ടാവുമെന്നും അറിയിച്ചതായും എം.കെ. രാഘവൻ പറഞ്ഞു. മംഗളൂരു-മധുര-രാമേശ്വരം എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും നഷ്ടത്തിലോടുന്ന ഗോവ-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി എം.പിയെ അറിയിച്ചു.
കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകൾ ബന്ധിപ്പിച്ച് പുതിയ മെമു സർവിസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരിൽ നിർത്തലാക്കിയ സർവിസുകൾ അറ്റകുറ്റപ്പണികൾ കഴിഞ്ഞ പശ്ചാത്തലത്തിൽ പുനഃസ്ഥാപിക്കുക, മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായി മാറ്റി പാലക്കാട് വരെ സർവിസ് പുനഃക്രമീകരിക്കുക, മംഗളൂരുവിൽനിന്ന് പാലക്കാട് വഴി പുതിയ ബംഗളൂരു സർവിസ് ആരംഭിക്കുക, കടലുണ്ടി, മണ്ണൂർ, പി.ടി. ഉഷ റോഡ്, ഭട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മേൽപാലങ്ങളും കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അടിപ്പാതകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.