കോടിയേരിയെ പി.ബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാെൻറ കത്ത്
text_fieldsതിരുവനന്തപുരം: ദുബൈയിൽ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാപ്രസ്താവനകളും തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞു. മകന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് പിതാവ് നല്‍കിയ സംരക്ഷണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ വലിയതോതിലുള്ള ആശയകുഴപ്പവും അവമതിപ്പും സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തു. ജനങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കോടിയേരിയെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്ത് മാതൃകാനടപടി സ്വീകരിക്കണമെന്നും യെച്ചൂരിക്ക് നല്‍കിയ കത്തില്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.
ദുബൈയിലുള്ള ജാസ് ടൂറിസം കമ്പനി പതിമൂന്ന് കോടി രൂപ ബിനോയ് നല്‍കാനുണ്ടന്നാണ് പരാതിപ്പെട്ടത്. അവരുടെ പ്രതിനിധികള്‍ സീതാറം യെച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹം ഇക്കാര്യം കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ബിനോയിക്കെതിരേ ഒരു കേസും ഇല്ലെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. തനിക്കെതിരേ കേസൊന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ബിനോയി യു.എ.ഇലെ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
ബിനോയിക്കെതിരേയുള്ള ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നു പറഞ്ഞു സി.പി.എം. ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ പാര്‍ട്ടിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് പച്ചകള്ളമായിരുന്നുവെന്ന് പിന്നേട് തെളിഞ്ഞു. ജാസ് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്ക് ദുബായ് കോടിതി ഫെബ്രുവരി ഒന്നിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് കോടിയേരി ചെയ്യുന്നതെന്നും ബെന്നി ബെഹന്നാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.