ബെന്നിച്ചൻ തോമസ് പുതിയ വനം മേധാവിയാകും; തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിൽ
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ ശാസനയോടെ വകുപ്പുതല നടപടി അവസാനിപ്പിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുതിയ വനം മേധാവിയാകും. അടുത്ത മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
ചീഫ് സെക്രട്ടറിതലത്തിൽ വെള്ളിയാഴ്ച ചേർന്ന സെർച്ച് കമ്മിറ്റിയിൽ ബെന്നിച്ചന്റെ പേര് മാത്രമാണ് പരിഗണിച്ചതെന്നാണ് വിവരം. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ബെന്നിച്ചന് നൽകിയ ശാസന അയോഗ്യതയായി സെർച്ച് കമ്മിറ്റി പരിഗണിച്ചാൽ മാത്രമേ രണ്ടാമതൊരാളിലേക്ക് തീരുമാനം പോകാനിടയുള്ളൂ.
വകുപ്പിനും സർക്കാറിനും താൽപര്യം ബെന്നിച്ചനോടായതിനാൽ മറിച്ചൊരു തീരുമാനത്തിന് സാധ്യതയില്ല. സർവിസുമായി ബന്ധപ്പെട്ട് മറ്റ് ശിക്ഷാനടപടികളൊന്നും ബെന്നിച്ചൻ തോമസിനെതിരെയില്ല. സർവിസിൽ സീനിയർ മോസ്റ്റ് എന്ന പരിഗണനയും സർക്കാറിന്റെ ഗുഡ്ലിസ്റ്റിലെ ആളെന്ന നിലയിലും ബെന്നിച്ചനാണ് മുൻഗണന. നിലവിൽ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ബെന്നിച്ചന്. സര്‍ക്കാറുമായി ആലോചിക്കാതെ മരംമുറിക്കാന്‍ അനുമതി നല്കി ഉത്തരവിറക്കിയതിന്റെ പേരിലുള്ള അച്ചടക്ക നടപടിയാണ് ശാസനയില്‍ ഒതുക്കി സര്‍ക്കാര്‍ കഴിഞ്ഞദിവസം അവസാനിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ബെന്നിച്ചന് തോമസിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
പിന്നീട് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിന് സസ്പെന്ഷന് റദ്ദാക്കി ഒരുമാസത്തിനകം സര്‍വിസില്‍ തിരിച്ചെടുത്തു. ബെന്നിച്ചന് ഒറ്റക്കല്ല തീരുമാനമെടുത്തതെന്നും വിവിധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാന്‍ അദ്ദേഹം ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടപടി ശാസനയില്‍ ഒതുക്കാന്‍ തീരുമാനിച്ചത്.
ഇപ്പോഴത്തെ വനംമേധാവി പി.കെ. കേശവന് 31ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ മേധാവി എത്തുന്നത്. നിലവില്‍ ഫോറസ്റ്റ് സര്‍വിസിലുള്ള പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരില്‍ 1988 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചനാണ് സീനിയര്‍. അടുത്തവര്‍ഷം ജൂലൈവരെ കാലാവധിയുണ്ട്.
ഇതേ ബാച്ചിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വിജിലന്‍സ് ആൻഡ് ഇന്റലിജന്‍സ് മേധാവിയുമായ ഗംഗാസിങ്ങും പരിഗണന പട്ടികയിലുണ്ട്. നിലവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പ്രമോദ് കുമാര്‍ പതക് 2017 മുതല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 1990 ബാച്ചിലെ പി.സി.സി.എഫുമാരായ പ്രകൃതി ശ്രീവാസ്തവ, ഡി. ജയപ്രസാദ്, 1991 ബാച്ചിലെ നോയല്‍ തോമസ് എന്നിവരും പട്ടികയിലുണ്ട്.
ബെന്നിച്ചൻ തോമസ് മുഖ്യ വനം മേധാവിയായാൽ ഡി. ജയപ്രസാദാകും ചീഫ് വൈൽഡ് ലൈഫ് വാർഡൻ. പ്ലാനിങ് ആൻഡ് ഡെവലപ്മെന്റിന്റെ ചുമതലയാണ് ജയപ്രസാദ് ഇപ്പോൾ വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.