മുഖ്യമന്ത്രിയുടെയും മന്ത്രി മൊയ്തീെൻറയും കുടുംബാംഗങ്ങളുടെ സ്വത്ത് വർധന അന്വേഷിക്കണം -ബെന്നി ബഹനാൻ
text_fieldsതൃശൂർ: മുഖ്യമന്ത്രി, മന്ത്രി എ.സി. മൊയ്തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്നിവരുടെ കുടുംബങ്ങളുടെ സ്വത്തിൽ അടുത്ത കാലത്തുണ്ടായ വർധന അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസൻറ് നൽകിയ 20 കോടി രൂപയിൽനിന്ന് എട്ട് കോടി രൂപയോളം ചിലർ അടിച്ചു മാറ്റിയിട്ടുണ്ടെന്നും ഇത് എവിടേക്ക് പോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.എസി ലാവ്ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്ന് രണ്ടര മിനിറ്റു കൊണ്ട് തീർപ്പാക്കാവുന്ന വിഷയം സുപ്രീംകോടതിയിൽ രണ്ടര വർഷമായി കെട്ടിക്കിടപ്പാണ്. ലാവ്ലിൻ, ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടുകൾക്ക് സമാനതയുണ്ട്. ലാവ്ലിൻ കേസിെൻറ അനുഭവം ഇതിന് വരാതിരിക്കാൻ ഹൈകോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കണം.
ഇൗ വിഷയം ഉന്നയിച്ച് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും ബെന്നി ബഹനാൻ പറഞ്ഞു. പ്രക്ഷോഭം തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. ഈമാസം 27ന് കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ വടക്കാഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും സത്യഗ്രഹം നടത്തും. അന്ന് ജില്ലയിലെ 110 മണ്ഡലം കമ്മിറ്റികളും അനുഭാവ സത്യഗ്രഹം നടത്തും. 24ന് വാർഡ് അടിസ്ഥാനത്തിൽ യു.ഡി.എഫും സമരം നടത്തും. മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ഈ സർക്കാരിനെ താഴെയിറക്കുകതന്നെ ചെയ്യുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.