സമയമാകുമ്പോൾ ഇറാന് കനത്ത മറുപടി നൽകും - മന്ത്രി ബെന്നി ഗാന്റ്സ്
text_fieldsതെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ ഇറാന് തക്കസമയത്ത് മറുപടി നൽകുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ്. പ്രാദേശികമായി സഖ്യം രൂപീകരിച്ചതിന് ശേഷം തക്ക സമയത്ത് ഇറാനെ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകില്ലെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്.
ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽനിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണത്തിൽ തെക്കൻ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതിൽ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് റിയർ അഡ്. ഡാനിയേൽ ഹഗാരി അറിയിച്ചു. ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ പ്രകടനം നടത്തി. ദേശീയ പതാകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചു. ഗോലൻ കുന്നുകളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാൻ ഗ്രാമങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.