Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെന്യാമിനും ശബരീനാഥനും...

ബെന്യാമിനും ശബരീനാഥനും ഫേസ്ബുക്കിൽ ‘പോരുജീവിതം’

text_fields
bookmark_border
ബെന്യാമിനും ശബരീനാഥനും ഫേസ്ബുക്കിൽ ‘പോരുജീവിതം’
cancel

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ ബെന്യാമിനും അരുവിക്കര എം.എൽ.എ കെ.എസ്. ശബരീനാഥനും ഫേസ്ബുക്കിൽ ഇപ്പോൾ 'പോരുജീവിതം'. 

കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിദിന വാർത്തസമ്മേളനത്തെ കുറിച്ച കോൺഗ്രസ് നേതാക്കളുടെ മോശം പ്രതികരണങ്ങളെ വിമർശിച്ച് ബെന്യാമിൻ നടത്തിയ 'കൊഞ്ഞാണൻമാർ' പരാമർശവും ശബരീനാഥൻ അതിന് നൽകിയ മറുപടിയും തിരിച്ചുള്ള ബെന്യാമിന്‍റെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. തമ്മിൽ തല്ലിൽ കലാശിച്ച ഈ 'പോസ്റ്റ് പോര്' ഇരുവരും ഇനിയും നിർത്തിയിട്ടില്ല.

പ്രവാസികളെ ദുരന്തമുഖത്ത് നിന്ന് കേരളത്തിൽ എത്തിക്കുന്നതിന് ബെന്യാമിൻ അധിക്ഷേപിച്ച താനടക്കമുള്ള യുവ എം.എൽ.എമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്) സഹായങ്ങൾ സമാഹരിക്കുന്നെന്നും യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നും ശബരീനാഥൻ വ്യാഴാഴ്ച പോസ്റ്റിട്ടിരുന്നു. 

ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണെന്നും അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ എന്നും ശബരീനാഥൻ ചോദിച്ചിരുന്നു. 

ഇതിന് മറുപടിയുമായി ബെന്യാമിൻ രംഗത്തെത്തി. 100 എന്നത് ചെറിയ സംഖ്യയാണെന്നും നിങ്ങളുടെ സംഘടനാബലവും മഹത്തായ പ്രവർത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം ആടുജീവിതങ്ങളെയെങ്കിലും നിഷ്‌പ്രയാ‍സം നാട്ടിലെത്തിക്കാൻ കഴിയുമെന്നുമായിരുന്നു ബെന്യാമിന്‍റെ മറുപടി.

ശബരീനാഥന്‍റെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ലെന്നും ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതുസമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം എന്നതാണെന്നും ബെന്യാമിൻ ചൂണ്ടിക്കാട്ടി. 'അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാൻ എന്തെങ്കിലും കാര്യമായി പറഞ്ഞുപോയാൽ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കൾക്കുണ്ടാവില്ല. ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടൻ ചൊല്ല് താങ്കൾ കേട്ടിട്ടുണ്ടല്ലോ അല്ലേ.? അതുകൊണ്ട് കുഞ്ഞേ പോ. വല്ല തരത്തിലും തണ്ടിയിലും പോയി കളിക്ക് ' - എന്നും ബെന്യാമിൻ എഴുതി.

ബെന്യാമിന് സർക്കാറിന്‍റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ് താൻ പണ്ട് പറഞ്ഞിരുന്നതെന്നും ഈ ഭാഷാചാരുതയ്ക്ക് അദ്ദേഹത്തെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കുന്നതാണ് ഉചിതമെന്നുമാണ് ഇതിന് ശബരീനാഥൻ മറുപടി നൽകിയത്.

ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം -

പ്രിയപ്പെട്ട ശ്രീ ശബരീനാഥൻ,

താങ്കൾ ഇന്നലെ ഫേസ്ബുക്കിലൂടെ എന്നോടു നട‌ത്തിയ അഭ്യർത്ഥന ഞാൻ ഇത്തിരി വൈകി ഇപ്പോഴാണ് കണ്ടത്.

നൂറു പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള നല്ല ഉദ്യമത്തിനു ആദ്യമേ എല്ലാ ആശംസകളും. എന്നാൽ 100 എന്നത് ഒരു ചെറിയ സംഖ്യയല്ലേ ശബരി. നിങ്ങളുടെ സംഘടനാബലവും മഹത്തായ പ്രവർത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം ആടുജീവിതങ്ങളെയെങ്കിലും നിഷ്‌പ്രയാ‍സം നാട്ടിലെത്തിക്കാൻ നിങ്ങൾക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്. കാരണം ദുരിതാശ്വാസ നിധിയിൽ വിശ്വാസമില്ലാതെ കോടതിയിലേക്കോടിയ സർവ്വീസ് സംഘടനകളും ഉത്തരവ് കത്തിച്ച അധ്യാപകരും ഇന്നലത്തെ പോസ്റ്റു താഴെ വന്ന് ‘സബാഷ് ശബരി’ പറഞ്ഞ താങ്കളുടെ സ്വന്തം അണികളും നിങ്ങളിലുള്ള കടുത്ത വിശ്വാസം രേഖപ്പെടുത്തി സംഭാവന നൽകാൻ ക്യൂ നിൽക്കുക ആയിരിക്കുമല്ലോ. അവർ  ഏല്പിച്ച സംഭാവനയുടെ വിവരങ്ങൾ സുതാര്യതയുടെ പര്യായമായ നിങ്ങൾ ഫേസ്ബുക്ക് ലൈവിലോ പത്രസമ്മേളനത്തിലോ ദിവസവും പറയണം. അത് കേൾക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും. ആ സംഘടനാപ്രവർത്തകരുടെ മഹാമനസ്കതയും മനുഷ്യസ്നേഹവും കണ്ട് എനിക്ക് കണ്ണീരണിയണം.

അങ്ങനെ വിശ്വസ്തരായ എം.എൽ.എ മാരുടെ അഭ്യർത്ഥന മാനിച്ചും ‘സർവ്വോപരി കള്ളനും തെമ്മാടിയും ദുഷ്ടനുമായ കേരള മുഖ്യമന്ത്രിയെ’ എന്തുവിലകൊടുത്തും തോൽപ്പിക്കുന്നതിനായിട്ടും സംഭാവനകൾ കൂമ്പാരമാകാൻ പോകുന്ന ആ മഹത്തായ വേളയിൽ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി മറ്റ് ജോലിയും കൂലിയും ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു സാദാ എഴുത്തുകാരന്റെ നക്കപ്പിച്ചാ സംഭാവനയൊന്നും നിങ്ങൾക്ക് ആവശ്യമില്ല എന്ന് എനിക്കറിയാം.

(അതോ ഫേസ്ബുക്കിൽ ലൈക്കും സബാഷും മാത്രമേ ഉള്ളോ.? അവർക്ക് നിങ്ങളെയും വിശ്വാസമില്ലേ? ഈ ചലഞ്ചിനുശേഷവും നിങ്ങളുടെ ‘നമ്പർ‘ നൂറിൽ തന്നെ നിൽക്കുകയാണെങ്കിൽ സ്വന്തം അണികൾക്ക് പോലും കാൽ പണം നിങ്ങളെ ഏല്പിക്കാൻ വിശ്വാസമില്ല എന്ന് എനിക്ക് ന്യായമായും ഊഹിക്കാമല്ലോ. അല്ലേ?)

ഇനി അഥവാ യഥാർത്ഥമായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു സാമ്പത്തിക പിന്തുണയോ സഹകരണമോ ആയിരുന്നു ആവശ്യമെങ്കിൽ നിങ്ങളത് ലോകത്തിനോട് വിളിച്ചു പറഞ്ഞല്ല ചോദിക്കുമായിരുന്നത്, ഫോണെടുത്ത് നേരിട്ട് വിളിക്കുകയായിരുന്നു ചെയ്യുന്നത് (മറ്റാരോടും ഫേസ് ബുക്കിലൂടെ നിങ്ങൾ ധനാഭ്യർത്ഥന നട‌ത്തിയതായി കണ്ടില്ല.)  അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിടയിലുണ്ട് എന്ന് ഇതിനുമുൻപ് പല ആവശ്യങ്ങൾക്കും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടുള്ളതിലൂടെ, എന്നെ / ഇങ്ങോട്ട് / വിളിച്ചിട്ടുള്ളതിലൂടെ/ താങ്കൾക്കുറപ്പുള്ളതാണല്ലോ.

അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാൻ എന്തെങ്കിലും കാര്യമായി പറഞ്ഞു പോയാൽ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കൾക്കുണ്ടാവില്ല. ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടൻ ചൊല്ല് താങ്കൾ കേട്ടിട്ടുണ്ടല്ലോ അല്ലേ.?  അതുകൊണ്ട് കുഞ്ഞേ പോ. വല്ല തരത്തിലും തണ്ടിയിലും പോയി കളിക്ക്. (താങ്കളുടെ കുടുംബത്തെ ഞാൻ അത്രയും സ്നേഹിക്കുന്നുണ്ട് എന്നുമാത്രം തൽക്കാലം മനസിലാക്കുക)

ഇനി പരസഹയത്തിന്റെ കാര്യം, അതിനെനിക്ക് ആരുടെയും അഭ്യർത്ഥന ഒന്നും ആവശ്യമില്ല. മനസറിഞ്ഞു കൊടുക്കാൻ ഞങ്ങൾക്കറിയാം. ഈ ദുരിതകാലത്തിലും ഞാനും ഭാര്യയും (അങ്ങനെ പറയാൻ പ്രത്യേക കാരണമുണ്ട് എന്ന് ഇതിന്റെ വായനക്കാർ മനസിലാക്കുക. ഭാര്യയ്ക്ക് പത്തൊൻപത് മണിക്കൂർ നീണ്ട രണ്ട് ഓപ്പറേഷനും പതിനേഴ് ദിവസത്തെ ആശുപത്രി  വാസവും കഴിഞ്ഞു വന്ന് വിശ്രമത്തിലുള്ള കാലമാണത്. ശരിക്കും സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവിച്ച കാലം. എന്നിട്ടും)   വേണ്ടവരെ വേണ്ടവിധത്തിൽ ഇരുചെവി അറിയാതെ സഹായിച്ചിട്ടുണ്ട് എന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി പറയാൻ കഴിയും. പക്ഷേ അതൊന്നും ഫോട്ടോ വച്ച് ഫേസ് ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങാറില്ല സാറേ.  പ്രായം കുറേ ആയില്ലേ. ആളെക്കൂട്ടിയും സെൽഫി എടുത്തും നാലു പേരോട് വിളിച്ചു പറഞ്ഞും പരസഹായം ചെയ്യാനുള്ള കൊതി ഒക്കെ പോയി. അതുകൊണ്ടാ.

പിന്നെ എനിക്കാണെങ്കിൽ നിങ്ങളെപ്പോലെ ‘അടുത്ത ഇലക്ഷനിൽ മത്സരിക്കാനുള്ളതാണല്ലോ’,  ‘ഒരു വർഷം കഴിഞ്ഞ് ഇലക്ഷൻ വരുന്നല്ലോ’, ‘ജനങ്ങളുടെ കണ്ണിൽ എന്തെങ്കിലും പൊടി ഇടണമല്ലോ’ എന്നിങ്ങനെയുള്ള ആധിയും വെപ്രളവും ഒന്നും ഇല്ലടാ ചക്കരെ.

പിന്നെ ഒരുകാര്യം കൂടി, ഞങ്ങൾ സാധാരണക്കാർ ഒരു രൂപ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ ഞങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്നാണ് അത് കൊടുക്കുന്നത്. അന്യന്റെ പോക്കറ്റിൽ കിടക്കുന്ന പണത്തിന്റെ ബലത്തിൽ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കിൽ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായം എന്നത്. ഈ വീമ്പു മുഴക്കലിൽ സ്വന്തം അക്കൌണ്ടിൽ നിന്ന് എത്ര രൂപ സംഭാവന ചെയ്തു എന്ന് വെളിപ്പെടുത്താൻ ആടുജീവിതസ്നേഹികളായ എം.എൽ.എ മാരെ ഞാൻ വെല്ലുവിളിക്കുന്നു.

എല്ലാത്തിനും ഒടുവിൽ പറയട്ടെ, അക്കൌണ്ട് നമ്പർ അയക്കൂ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ എന്ന നിലയിൽ എന്നാൽ കഴിയുന്ന ഒരു തുക നിശ്ചയമായും അയച്ചു തരാം. നിങ്ങളുടെ സംഘടനാ നേതാക്കളെപ്പോലെയല്ല, നിങ്ങൾ ചെറുപ്പക്കാരെ എനിക്ക് വിശ്വാസമാണ്. കളിയാക്കിയതല്ല, സത്യമായും എനിക്ക് നല്ല വിശ്വാസമാ‍ണ്. നിങ്ങൾ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകൾ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങൾ.

 

ശബരീനാഥന്‍റെ മറുപടിയുടെ പൂർണരൂപം -

ശ്രീ ബെന്യാമിൻ എനിക്ക് ഇന്ന് ഒരു മറുപടി നൽകി. ഈ മറുപടി പോസ്റ്റിന്‍റെ ഒരു  പ്രസക്‌ത ഭാഗം ചുവടെ ചേർക്കുന്നു....

"അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്."

ഞാൻ പണ്ട് പറഞ്ഞത് അദ്ദേഹത്തിന്  സർക്കാരിന്റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക്  അത് വേണ്ട, പകരം ബെന്യാമിനെ  പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം. അതാണ് ഉചിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfacebook postBennyaminks shabarinathan
News Summary - bennyamin vs shabarinathan facebook fight
Next Story