പാർട്ടിയിലെ ആശയ സംവാദങ്ങളിൽ എന്നും സജീവമായ ബർലിൻ
text_fieldsകോഴിക്കോട്: ബർലിൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായർ പാർട്ടിയുടെ ആശയസമരങ്ങളിൽ എന്നും സജീവമായി നിന്ന നേതാവാണ്. 1943 മേയിൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസുള്ള കുഞ്ഞനന്തൻ നായരായിരുന്നു.
കോൺഗ്രസിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചതും അദ്ദേഹമാണ്. 1942 ലാണ് പാർട്ടി അംഗത്വം ലഭിച്ചത്. പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ആത്മബന്ധം പുലർത്തി. ദീർഘകാലം ജർമനിയിലായിരുന്നു. അതിന് ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമായി. പിണറായിയുടെ കടുത്ത വിമർശകനായി മാറി.
പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് പാർട്ടിയിൽ സുനാമിയായി നാലാംലോക വാദ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പാർട്ടിയിലെ ഔദ്യോഗിക നേതൃത്വം മുതലാളിത്ത ചങ്ങാത്തം പുലർത്തുന്നുവെന്നായിരുന്നു എം.എൻ. വിജയൻ നേതൃത്വം നൽകിയ പ്രത്യയശാസ്ത്രവാദികളുടെ ആരോപണം. ഇതിന് സാർവദേശീയമായ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്‍റെ പിൻബലം നൽകിയത് ബർലിൻ കുഞ്ഞനന്തൻ നായരാണ്.
കണ്ണൂരിൽ നടന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളന വേദിയിൽ വെച്ചാണ് നാലാംലോക വിവാദവും മൂന്നാം ലോകരാജ്യങ്ങളിലുള്ള സാമ്രാജ്യത്വഫണ്ടിങ്ങിനെ കുറിച്ചുള്ള ആദ്യ വെടിയും കുഞ്ഞനന്തൻ നായർ പൊട്ടിച്ചത്. പിന്നീടത് വി.എസ്. അച്ചുതാനന്ദൻ ഏറ്റെടുത്തതോടെ സി.പി.എമ്മിൽ പിണറായി -വി.എസ് ഗ്രൂപ്പു പോരിനും പാർട്ടി പിടിക്കാനുള്ള പോരാട്ടത്തിനും വഴിമരുന്നിട്ടു.
എം.എൻ. വിജയനും പ്രഫ. സുധീഷും ചേർന്ന് പാഠം മാസികയിലൂടെ നിരന്തരം നാലാംലോക വാദികൾക്കെതിരെ വിമർശനം നടത്തി. അക്കാലത്ത് പിണറായി വിജയൻ അടക്കമുള്ള കണ്ണൂരിലെ നേതാക്കൾക്കെതിരെ നിരവധി ആരോപണങ്ങൾ ബർലിൻ ഉന്നയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലം വരെ വി.എസിനോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് വി.എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തിയത് വാർത്തയായി. എന്നാൽ, സി.പി.എമ്മിൽ വി.എസ് പക്ഷത്തിന്‍റെ കീഴടങ്ങൽ പൂർണമായതോടെ അദ്ദേഹവും നിശ്ശബ്ദനാക്കപ്പെട്ടു.
2014ൽ ബർലിൻ വി.എസിനെ തള്ളിപ്പറഞ്ഞു. ആർ.എം.പി കോൺഗ്രസിന്റെ ബി ടീമാണെന്ന് ആരോപിച്ചു. വി.എസ് അധികാരത്തോട് ആർത്തിയുള്ള നേതാവാണെന്നും പരസ്യമായി പ്രഖ്യാപിച്ചു. 2005ൽപാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തെ 2015ൽ തിരിച്ചെടുത്തു.
ഒടുവിൽ, പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ബർലിൻ സ്വയം തള്ളിപ്പറയുകയും ചെയ്തു. വിവാദ കാലത്ത് താൻ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായി പോയെന്നും അതില്‍ തെറ്റുപറ്റിയെന്നും ബോധ്യമുണ്ടെന്നും പിണറായിയെ കണ്ട് കാലുപിടിച്ചു മാപ്പ് പറയണമെന്നും കുഞ്ഞനന്തൻ നായർ പറഞ്ഞു.
ഏറ്റവും അധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇ.എം.എസിനേക്കാള്‍ മിടുക്കനാണെന്നും സൂചിപ്പിച്ചു. 'പൊളിച്ചെഴുത്ത്' എന്ന് പേരിട്ട ആത്മകഥയില്‍ പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.