ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
text_fieldsകണ്ണൂർ: പ്രശസ്ത പത്രപ്രവർത്തകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ബർലിൻ കുഞ്ഞനന്തൻ നായർ (97) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കണ്ണൂർ നാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
1943ൽ ബോംബെയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ഇദ്ദേഹം. ഇ.എം.എസ്, എ.കെ.ജി ഉൾപ്പെടെ നേതാക്കളുടെ സന്തതസഹചാരിയായിരുന്നു. ദീർഘകാലം ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായിരുന്നു. അതേത്തുടർന്നാണ് ബർലിൻ കുഞ്ഞനന്തൻ നായർ എന്ന് അറിയപ്പെട്ടത്. സി.പി.എമ്മിൽ വിഭാഗീയത കത്തിനിന്ന കാലത്ത് വി.എസിനൊപ്പംനിന്ന് പിണറായിക്കെതിരെ ശക്തമായ ആക്ഷേപം ഉന്നയിച്ചതിലൂടെയാണ് പിൽക്കാലത്ത് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. 'പൊളിച്ചെഴുത്ത്', 'ഒളികാമറകൾ പറയാത്തത്' തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പാർട്ടി രഹസ്യങ്ങളുടെ തുറന്നുപറച്ചിലാണ്. വിഭാഗീയതയുടെ പാരമ്യത്തിൽ പാർട്ടി വിലക്ക് ലംഘിച്ച് വി.എസ്. അച്യുതാനന്ദൻ ബർലിനെ കാണാൻ നാറാത്തെ വീട്ടിലെത്തിയത് അന്ന് വലിയ വിവാദമായിരുന്നു. അതിന്റെ പേരിൽ വി.എസ് പാർട്ടിയുടെ ശാസനക്ക് പാത്രമായി. അവസാനകാലത്ത് വി.എസുമായി അകന്ന ബർലിൻ, പിണറായിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് ഈയിടെ മാപ്പുപറയുകയും ചെയ്തു.
ചിറക്കൽ കോവിലകത്തെ വ്യവഹാര കാര്യസ്ഥൻ അനന്തൻ നായരാണ് പിതാവ്. പുരോഗമന ആശയക്കാരിയായിരുന്ന അമ്മ ശ്രീദേവിയാണ് ബർലിന്റെ കമ്യൂണിസ്റ്റ് വഴിയിലെ ആദ്യ പ്രചോദനം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സോവിയറ്റ് യൂനിയനിലെ 'യങ് പയനിയർ' മാതൃകയിൽ 1938ൽ കല്യാശ്ശേരിയിൽ രൂപവത്കരിച്ച ബാലസംഘത്തിന്റെ സ്ഥാപക സെക്രട്ടറി കുഞ്ഞനന്തൻ നായരായിരുന്നു. ഇ.കെ. നായനാരായിരുന്നു പ്രസിഡന്റ്. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാർട്ടി നേതാക്കളെയും സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തൻ നിർവഹിച്ചിരുന്നത്.
ഭാര്യ: സരസ്വതി. ഏക മകൾ: ഉഷ. മരുമകൻ വെർണർ ജർമനിയിൽ വാസ്തുശിൽപിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.