ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ കാത്തിരിപ്പ് വെറുതെയായി; മുഖ്യമന്ത്രി വന്നില്ല
text_fieldsകണ്ണൂർ: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കാത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വന്നില്ല. ശനിയാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കാണാൻ എത്തുമെന്ന് കുഞ്ഞനന്തൻ നായർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി.
പിണറായി വിജയനോട് മാപ്പ് പറയണമെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും ബർലിൻ കുഞ്ഞനനന്തൻ നായർ നേരത്തേ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാൽ കണ്ണൂരിലെത്തുമ്പോൾ മുഖ്യമന്ത്രി കാണാൻ വരുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ.
ശനിയാഴ്ച ഉച്ചവരെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലുണ്ടായിരുന്നു. ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഏറെയകലെയല്ലാത്ത മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും മുഖ്യമന്ത്രിയെത്തി. പക്ഷെ ബര്‍ലിനെ കാണാന്‍ വന്നില്ല. പൊറുക്കാനാവാത്ത തെറ്റുകളൊന്നും പിണറായിയോട് ചെയ്തിട്ടില്ലെന്നും എന്നെങ്കിലും വരുമെന്നാണ് പ്രതീക്ഷയെന്നും ബര്‍ലിന്‍ പറഞ്ഞു.
"പിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്. നിരാശയില്ല. അദ്ദേഹം വരുമെന്ന് തന്നെയാണ് വിശ്വാസം. മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണ് പ്രതീക്ഷ. പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല"- ബർലിൻ പറഞ്ഞു.
അതേസമയം, വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്നും ബര്‍ലിന്‍ പറഞ്ഞു. പാർട്ടി ക്ലാസ് എടുക്കുന്ന ഒരാൾ ഇത്തരത്തിൽ പറഞ്ഞു കൂടാ. ലോകം ഉള്ളിടത്തോളം കാലം വൈരുദ്ധ്യാത്മക ഭൗതിക വാദം പ്രസക്തമാണ്. ഇത് പറയാൻ രണ്ട് തവണ എം.വി ഗോവിന്ദനെ വിളിച്ചു പക്ഷെ കിട്ടിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.