‘ബെസ്’ പദ്ധതി: റെഗുലേറ്ററി കമീഷൻ അനുമതി തേടി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിക്ക് അനുമതി തേടി കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമീഷനെ സമീപിച്ചു. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) പദ്ധതിക്ക് കെ.എസ്.ഇ.ബിയും സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയും കരാർ ഒപ്പിട്ടിരുന്നു.
കാസർകോട് മൈലാട്ടിയിൽ ആരംഭിക്കുന്ന പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയാണ് നൽകിയത്. ഇതിൽ ഈ മാസം 30ന് കമീഷൻ കോർട്ട് ഹാളിൽ നടക്കുന്ന തെളിവെടുപ്പിൽ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ, ജെ.എസ്.ഡബ്ല്യു നിയോ എനർജി ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ബെസ് സംബന്ധിച്ച കൂടുതൽ പഠനത്തിന് കെ.എസ്.ഇ.ബി കൺസൽട്ടൻസിയെ ക്ഷണിച്ചതിനു പിന്നാലെയാണ് പദ്ധതിക്കായി റെഗുലേറ്ററി കമീഷന്റെ അനുമതി തേടിയത്.
അതേസമയം കേന്ദ്രം അനുവദിച്ച 500 മെഗാവാട്ടിന്റെ കൽക്കരി (കോൾ) ലിങ്കേജ് ഉപയോഗിച്ചുള്ള വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ സംബന്ധിച്ച അപേക്ഷ മേയ് ആറിന് കമീഷൻ പരിഗണിക്കും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയ ദീർഘകാല കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട അപേക്ഷ കഴിഞ്ഞമാസം കമീഷൻ തെളിവെടുപ്പിനെത്തിയെങ്കിലും തുടർനടപടികളിലേക്ക് കടക്കാതെ മാറ്റുകയായിരുന്നു. ഇത് മേയ് ഏഴിന് വീണ്ടും പരിഗണിക്കും.
റദ്ദാക്കപ്പെട്ട ദീർഘകാല കരാറിൽ ഉൾപ്പെട്ടിരുന്ന മൂന്ന് കമ്പനികളിലൊന്നായ ജിൻഡാൽ പവറുമായി ബന്ധപ്പെട്ടാണ് കെ.എസ്.ഇ.ബി കമീഷനെ സമീപിച്ചത്. കരാർ റദ്ദാക്കലിനെതിരെ കോടതിയിൽ പോകാതിരുന്ന ജിൻഡാൽ പവറിൽ നിന്ന് തുടർന്നും വൈദ്യുതി വാങ്ങാൻ അനുവാദം തേടുന്നതാണിത്.
2023 ഡിസംബറിൽ നൽകിയ അപേക്ഷ ഏറെ വൈകി, കഴിഞ്ഞമാസം കമീഷൻ പരിഗണിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ തെളിവെടുപ്പിൽ ഓൺലൈനായി ഹാജരായ കമ്പനി അഭിഭാഷകരുടെ വാദം പരിഗണിച്ച് കമീഷൻ നടപടികൾ മാറ്റിവെക്കുകയായിരുന്നു. ഇതാണ് മേയ് ഏഴിന് പരിഗണിക്കാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.