മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; ആദ്യ 12 ഉം കേരളത്തില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്കുകൂടി നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാൻഡേർഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം.95.8 ശതമാനം സ്കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രം, 93.5 ശതമാനം സ്കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്കോറോടെ കോട്ടയം വാഴൂര്‍ കുടുംബാരോഗ്യകേന്ദ്രം, 92.1 ശതമാനം സ്കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം, 83.3 ശതമാനം സ്കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യകേന്ദ്രം എന്നിവയാണ് എന്‍.ക്യു.എ.എസ് ബഹുമതി നേടുന്നത്. ഇതോടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇതടക്കം സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനായത്.
3 ജില്ല ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 6 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെൻറര്‍, 62 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂര്‍ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാംസ്ഥാനത്താണ്.
ജില്ല തല ആശുപത്രികളുടെ പട്ടികയില്‍ 96 ശതമാനം സ്കോര്‍ നേടി ഡബ്ല്യൂ ആൻഡ് സി ആശുപത്രി കോഴിക്കോടും, സബ്ജില്ല ആശുപത്രികളുടെ പട്ടികയില്‍ 98.7 ശതമാനം സ്കോര്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും രാജ്യത്ത് ഒന്നാമതാണ്. കണ്ണൂര്‍ ജില്ലയിലെ 18 സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കുന്ന രാജ്യത്തെതന്നെ ഏക ജില്ലയാണ് കണ്ണൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.