പത്മജയുടേത് വിശ്വാസ വഞ്ചന; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് കെ. സുധാകരൻ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം വിശ്വാസ വഞ്ചനയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പത്മജയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ കെ.പി.സി.സി തീരുമാനം എടുത്തിട്ടുണ്ട്. അതെല്ലാം മറന്നാണ് പത്മജ പുതിയ തീരുമാനം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ പറഞ്ഞ പരാതികളിൽ തൃശ്ശൂർ ഡി.സി.സിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പരിഹാരം കണ്ടിരുന്നു. ചിലർ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം. പ്രാദേശികമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്.
ബി.ജെ.പി പ്രവേശനത്തിന്‍റെ കാരണങ്ങൾ അവരോട് തന്നെ ചോദിക്കണം. കെ.പി.സി.സി തലത്തിൽ വന്നിട്ടുള്ള പത്മജയുടെ എല്ലാ പരാതികൾക്കും പരിഹാരം കണ്ടിരുന്നു. അർഹതപ്പെട്ട പദവികളും നൽകിയിട്ടുണ്ട്. ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല. കെ. കരുണാകരന്‍റെ മകളായത് കൊണ്ട് സ്നേഹവും ബഹുമാനവും ഇപ്പോഴുമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
പത്മജയുടെ ബി.ജെ.പി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അതൊരു പ്രശ്നമായി കാണുന്നില്ല. വലിയ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമാണ്. വടകര മണ്ഡലം ഞങ്ങൾ പിടിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.