Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2015-നും 2022-നും...

2015-നും 2022-നും ഇടയില്‍, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,782 ഉരുള്‍പൊട്ടലില്‍ 2,239 എണ്ണവും കേരളത്തില്‍

text_fields
bookmark_border
2015-നും 2022-നും ഇടയില്‍, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,782 ഉരുള്‍പൊട്ടലില്‍ 2,239 എണ്ണവും കേരളത്തില്‍
cancel

കോഴിക്കോട് : 2015-നും 2022-നും ഇടയില്‍, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,782 ഉരുള്‍പൊട്ടലില്‍ 2,239 എണ്ണവും കേരളത്തില്‍ ആണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ജൈവവ്യവസ്ഥകളും സംബന്ധിച്ച് ട്രാന്‌സിഷന്‍ സ്റ്റഡീസിലെ സ്മിത പി. കുമാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഉരുള്‍പൊട്ടല്‍ ബാധിത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന വസ്തുത ഭീതിയുണര്‍ത്തുന്നതാണെന്നും സ്മിത പറയുന്നു.

ജൈവവൈവിധ്യത്തിന്റെ ഹോട് സ്‌പോട് ആയ പശ്ചിമഘട്ട മേഖലയിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ നടന്നിരിക്കുന്നത്. 2018 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 209 ഉരുള്‍പൊട്ടലുകളാണ് കേരളത്തിലെ വിവിധ ഫോറസ്റ്റ് ഡിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന ദുരന്തനാന്തര പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പി.ഡി.എൻ.എ (Post Disaster Needs Assessment Floods and Landslides - August 2018) പ്രകാരം വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുറിച്യര്‍ മലയാണ്. ഉയര്‍ന്ന ജൈവവൈവിധ്യ മേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലം കൂടിയാണ് ഇത്. നദീതീര ആവാസവ്യവസ്ഥക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്.

ചാലക്കുടിപ്പുഴ ഭാഗത്തെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ആറ്റു ചാമ്പ(Syzigium occidentale), നീര്‍പേഴ് (Barringtonia acutangula), ഇലിപ്പ-ആറ്റിലിപ്പ (Madhuca neriifolia), ഒറ്റ അഥവാ ഓട (Ochlandra scriptoria) തുടങ്ങിയ പ്രബലമായ സ്പീഷീസുകളുള്ള പ്രദേശങ്ങളിലെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കേരള വനഗവേഷണ കേന്ദ്രം(കെ.എഫ്.ആർ.ഐ) റിപ്പോര്‍ട്ട് പറയുന്നു.

നദികളിലും, മറ്റു തണ്ണീര്‍ തടങ്ങളിലും സ്വാഭാവികമായി കണ്ടു വന്നിരുന്ന നാടന്‍ മല്‍സ്യ ഇനങ്ങള്‍ കുറഞ്ഞതായും, ഒപ്പം പൊതുവില്‍ മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. വിവിധ ജലപക്ഷികള്‍ ഉരഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജലജീവിവര്‍ഗ്ഗങ്ങളുടെ എണ്ണത്തില്‍ വന്നിട്ടുള്ള കുറവുകളും, സാധാരണയായി ഒരു പ്രദേശത്തു കണ്ടു വരാത്ത ജീവിവര്‍ഗ്ഗങ്ങളുടെ സാനിധ്യവും ആവാസവ്യവസ്ഥ അസ്വസ്ഥമാക്കപ്പെട്ടതിന്റെ ലക്ഷണങ്ങളാണ്.

മലേഷ്യന്‍ ക്യാറ്റ്ഫിഷ്, ആഫ്രിക്കന്‍ മുഷി, സക്കര്‍ ക്യാറ്റ്ഫിഷ്, ഗൗരാമി തുടങ്ങിയ വിദേശ ഇന മല്‍സ്യങ്ങളുടെ സാന്നിധ്യം പല പ്രളയ ബാധിത ജലാശയങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രളയം കണ്ടല്‍കാടുകള്‍ക്കും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്/മറ്റ് ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിന്റെ ഫലമായി മുളവുകാട്, വല്ലാര്‍പാടം, വൈപ്പിന്‍, മംഗളവനം, കുമ്പളം, നെട്ടൂര്‍-വളന്തക്കാട്, പള്ളിപ്പുറം, കുമരകം തുടങ്ങിയ പ്രദേശങ്ങളില്‍ വ്യപകമായി കണ്ടല്‍ക്കാടുകള്‍ നശിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടു ചൂണ്ടികാണിക്കുന്നു.

ജൈവവൈവിധ്യ ബോര്‍ഡും, ടി.ബി.ജി.ആര്‍.ഐ യും കൂടി 2018 ലെ ഉരുള്‍പ്പൊട്ടല്‍ വയനാടന്‍ കാടുകളിലെ ആവാസവ്യവസ്ഥക്കുമേല്‍ ഉണ്ടാക്കിയ ആഘാതങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പ്രദേശങ്ങളിലെ 376 സപുഷ്പികളായ സസ്യങ്ങളും 21 പന്നല്‍ വർഗത്തില്‍ പെട്ട സസ്യങ്ങളും നാശം സംഭവിച്ചതായി (Population Loss) റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 14 സപുഷ്പികളും അഞ്ച് പന്നല്‍ വർഗങ്ങളും ഭീഷണി നേരിടുന്ന (threntended) ജീവിവർഗങ്ങള്‍ എന്ന വിഭാഗങ്ങളില്‍ പെടുന്നവയാണ്(IUCN, 2019). സപുഷ്പികളില്‍ എണ്‍പത്തിയൊന്ന് ഇനം തദ്ദേശീയവും നിയന്ത്രിത വിതരണവുമുള്ള (restricted distribution) സസ്യ വർഗങ്ങള്‍ ആണ്. അതില്‍ 40 ഇനം തെക്കന്‍ പശ്ചിമഘട്ടത്തിലും 23 എണ്ണം പശ്ചിമഘട്ടത്തിലും മാത്രം കാണപ്പെടുന്ന എന്‍ഡെമിക് (endemic) സസ്യ വർഗങ്ങള്‍ ആണ്.

സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള പശ്ചിമ ഘട്ട പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമായ എണ്ണപ്പൈന്‍(Kingiodendron pinnatum), കമ്പകം (Hopea ponga) തുടങ്ങിയ വംശനാശ ഭീഷണി (endangered) നേരിടുന്ന പല സസ്യ വിഭാഗങ്ങളും ഉരുള്‍പൊട്ടലില്‍ നശിച്ചു പോയിട്ടുണ്ട്. തടിയുപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ,വാര്‍ണിഷ് ഉണ്ടാക്കാനാവശ്യമായ ഒരു കറ (ഒളിയോറെസിന്‍ ) ലഭിക്കുന്നതുമായ മലബാര്‍ മഹാഗണി എന്ന പേരില്‍ അറിയപ്പെടുന്ന വൃക്ഷമാണ് മുകളില്‍ സൂചിപ്പിച്ച എണ്ണപ്പൈന്‍. 'ഗുരുതരമായി വംശനാശഭീഷണി' നേരിടുന്ന IUCN റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വെള്ള കുന്തിരിക്കം അഥവാ വെള്ളപ്പയിന്‍ (Vateria indica) എന്നറിയപ്പെടുന്ന വൃക്ഷ ഇനത്തിന്റെ ഏകദേശം 5,958.651 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ ആണ് 2018 ലെ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായി ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ജീവജാലങ്ങളുടെ ജീവിത ചക്രങ്ങള്‍, ഒരു ചെടി തളിരിടുന്നതോ പുഷ്പ്പിക്കുന്നതോ ആയ സമയം, പക്ഷികളോ ഉഭയജീവികളോ മുട്ടയിടുന്ന കാലം, പക്ഷികളുടെ /പ്രാണികളുടെ ദേശാടനം, മണ്ണിലെ സൂക്ഷജീവികളുടെ രൂപീകരണം കൂടിച്ചേരല്‍ അങ്ങിനെ അങ്ങിനെ നിരവധിയായ ജൈവപ്രതിഭാസങ്ങള്‍ കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങളോട് പോലും വളരെ സെന്‍സിറ്റീവ് ആണ്. ഈ വിധം സൂക്ഷവും വിപുലവുമായ, നിസാരമോ, മാരകമോ ആയ നിരവധി പ്രത്യാഘാതങ്ങള്‍ക്കാണ് കാലാവസ്ഥാ വ്യതിയാനം വഴിവെക്കുന്നതെന്നു അതിന്റെ സമഗ്രതയില്‍ നോക്കികാണുമ്പോഴാണ് വയനാട്ടില്‍ സംഭവിച്ചതു പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങള്‍ പൂർണമാവുകയുള്ളൂവെന്നും സ്മിത പി. കുമാര്‍ എഴുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keralalandslides in India
News Summary - Between 2015 and 2022, out of 3,782 reported landslides in India, 2,239 occurred in Kerala
Next Story