മദ്യക്കമ്പനികളുടെ ഒത്തുകളി പൊളിച്ച് ബെവ്കോ; 16 കോടി അധികവരുമാനം
text_fieldsതിരുവനന്തപുരം: കമീഷൻ ഇടപാടുകളും മദ്യക്കമ്പനികളുടെ ഒത്തുകളിയും അവസാനിപ്പിക്കാൻ ബിവറേജസ് കോർപറേഷൻ (ബെവ്കോ) സ്വീകരിച്ച നടപടി ജയം കണ്ടു.
കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാമെന്ന കച്ചവടതന്ത്രത്തിലൂടെ അഞ്ചുമാസം കൊണ്ട് ലഭിച്ചത് 16 കോടിയുടെ അധിക വരുമാനം. ഷോർട്ട് ട്രാൻസ്ഫർ നെറ്റ്‌വർക്ക് (എസ്.ടി.എൻ) പദ്ധതിയിലൂടെ കാഷ് ഡിസ്‌കൗണ്ടായാണ് ഈ തുക ലഭിച്ചത്. ഇടനിലക്കാർ വഴി കമീഷൻ തട്ടുന്ന രീതിക്കാണ് പുതിയ സംവിധാനത്തിലൂടെ മാറ്റമായത്. സ്ഥിരം ബ്രാൻഡുകൾക്ക് പുറമെ പുതിയ ബ്രാൻഡുകൾ അവതരിപ്പിക്കുന്നവർക്കും കൂടുതൽ പ്രോത്സാഹനം നൽകാനുള്ള തീരുമാനം വരുമാനം വർധിപ്പിക്കാൻ സഹായകമാകുമെന്നും ബെവ്കോ പ്രതീക്ഷിക്കുന്നു.
വൻകിട മദ്യക്കമ്പനികൾ ചില വെയർഹൗസ് മാനേജർമാർക്കും ജീവനക്കാർക്കും കമീഷൻ നൽകി അവരുടെ ഉൽപന്നങ്ങൾ കൂടുതലായി വിൽക്കുന്ന രീതിയായിരുന്നു മുമ്പ്. പുതിയ ബ്രാൻഡുകൾ വന്നാലും സ്റ്റോക്കില്ലെന്ന് പറഞ്ഞ് കമീഷൻ നൽകുന്ന കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കുകയാണ് ചെയ്തിരുന്നത്.
അതിനാല്‍ പുതിയ കമ്പനികൾക്കൊന്നും വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. നവംബറിലാണ് ഈ രീതി അവസാനിപ്പിച്ച് എസ്.ടി.എൻ പദ്ധതി നടപ്പാക്കിയത്. ബിയറിെൻറ പരമാവധി വിൽപന വിലയുടെ 9.5 ശതമാനവും വിദേശമദ്യത്തിെൻറ പരമാവധി വിൽപന വിലയുടെ 21 ശതമാനവും കാഷ് ഡിസ്കൗണ്ടായി ബെവ്കോക്ക് നൽകിയാൽ നിശ്ചിത മാസത്തിനുള്ളിൽ സ്റ്റോക്ക് വിറ്റ് നൽകാമെന്നായിരുന്നു ധാരണ.
ഇതനുസരിച്ച് വിൽപനക്ക് തയാറായ കമ്പനികളുമായി കരാറിലേർപ്പെട്ടു. ഇടനിലക്കാർ ഒഴിവായതോടെ എസ്.ടി.എൻ പദ്ധതി ലാഭമായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആകെ വിൽപനയുടെ 25 ശതമാനം വരുമാനം ഈ പദ്ധതിയിലൂടെയായിരുന്നു.
പദ്ധതിയിലൂടെ 6.5 ലക്ഷം കേയ്സ് മദ്യമാണ് ഇതുവരെ വിറ്റത്. എന്നാൽ, ഇതിനെതിരെ തൊഴിലാളി സംഘടനകളിൽ ഒരുവിഭാഗം എതിർപ്പുമായി രംഗത്തുണ്ട്. ചട്ടവിരുദ്ധമാണിതെന്നാണ് അവരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.