ഭൂരിഭാഗവും ലഭിക്കുന്നത് ബാറുകളിലേക്കുള്ള ടോക്കൺ; ബെവ് ക്യൂ ആപ്പിനെതിരെ വിമർശനവുമായി ബിവറേജസ് കോർപറേഷൻ
text_fieldsതിരുവനന്തപുരം: മദ്യവിതരണത്തിന് ഏർപ്പെടുത്തിയ ബെവ് ക്യൂ ആപ്പിനെതിരെ ബിവറേജസ് കോർപറേഷൻ. ആപ് വഴി ബുക്ക് ചെയ്യുന്ന ഭൂരിഭാഗത്തിനും ലഭിക്കുന്നത് ബാറുകളിലേക്കുള്ള ടോക്കണാണെന്നും ഇതു തുടർന്നാൽ കോർപറേഷൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ബെവ്കോ എക്സൈസ് മന്ത്രിയെ അറിയിച്ചു.
മദ്യ വിതരണം ആരംഭിക്കും മുമ്പ് തന്നെ ആപ് നിർമാണ കമ്പനിയായ ഫെയർകോഡിനോട് ആവശ്യപ്പെട്ടത് ആദ്യം ഔട്ട്ലെറ്റിലേക്ക് ടോക്കൺ, അതിനുശേഷം ബാറിലേക്കെന്നാണ്. എന്നാൽ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നും മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണിൽ ഔട്ട്ലെറ്റുകളിൽ കിട്ടിയത് 49,000 മാത്രമാണ്. മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ശനിയാഴ്ച വിറ്റത് 17 കോടിയുടേത് മാത്രം. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച കൂടുതൽ വിൽപന നടക്കേണ്ടതായിരുന്നു.
പക്ഷേ, ടോക്കണിലെ അപാകതമൂലം നേട്ടംകൊയ്യുന്നത് ബാർ ഹോട്ടലുകളാണെന്നും ബെവ്കോ എം.ഡി സ്പർജൻ കുമാർ സർക്കാറിനെ അറിയിച്ചു. ചില ബാറുകൾ ടോക്കൺ ഇല്ലാതെ മദ്യവിതരണം നടത്തുന്നതായി പരാതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരാതി സംബന്ധിച്ച് എക്സൈസ് വകുപ്പ്, ആപ് അധികൃതരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ആപ്പിനെതിരെ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി്. ആപ്പിെൻറ പേര് ‘ബെവ് ക്യൂ’ വിന് പകരം ‘ബാർ ക്യൂ’ എന്നാക്കണമെന്നും ഇത്തരം അവസ്ഥ തുടർന്നാൽ ഔട്ട്ലെറ്റുകൾ പൂട്ടേണ്ടിവരുമെന്നും സംഘടനകൾ എം.ഡിക്ക് നൽകിയ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.