സൂക്ഷിക്കുക... കുട്ടികളിൽ കോവിഡ് പിടിമുറുക്കുന്നു
text_fieldsവെള്ളമുണ്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ചെറിയ കുട്ടികളുമായി പുറത്തിറങ്ങുന്നത് പതിവു കാഴ്ചയാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾപോലും പാലിക്കാതെയാണ് പലരും ടൗണുകളിലടക്കം കുട്ടികളുമായി കറങ്ങുന്നത്.
ഇത് രോഗഭീതി ഉയർത്തുന്നു. വയനാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണവും കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
രണ്ടുദിവസത്തിനിടെ ജില്ലയിൽ 17 വയസ്സിന് താഴെയുള്ള 15 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലു കുട്ടികളുടെ രോഗ ഉറവിടം വ്യക്തമല്ല എന്നത് ആശങ്കക്ക് കൂടുതൽ ഇടനൽകുന്നു.
തരുവണയിൽ ഒന്നും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്കും കുണ്ടാലയിൽ ഒരു വയസ്സുള്ള കുട്ടിക്കും മേപ്പാടി കോട്ടനാട് ആറു വയസ്സുള്ള കുട്ടിക്കും പേര്യയിൽ ഒരു വയസ്സുള്ള കുട്ടിക്കും കാപ്പംകൊല്ലിയിൽ പന്ത്രണ്ടും, പതിനാറും വയസ്സുള്ള കുട്ടികൾക്കും വെള്ളമുണ്ടയിൽ ഒമ്പതു വയസ്സുള്ള കുട്ടിക്കുമാണ് ശനിയാഴ്ച രോഗം കണ്ടെത്തിയത്.
ഞായറാഴ്ച ഏഴു കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. കുടുംബത്തിലെ മുതിർന്നവരിലൂടെ ആകാം കുട്ടികളിലേക്ക് രോഗം പടരുന്നതെന്നാണ് ആരോഗ്യ വകുപ്പിെൻറ നിഗമനം. കുട്ടികൾ കൂട്ടംകൂടി കളിക്കുന്നതും മുതിർന്നവർക്കൊപ്പം ടൗണുകളിലും മറ്റും പോകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
സ്കൂൾ അടഞ്ഞു കിടക്കുമ്പോഴും കുട്ടികളിൽ രോഗം കണ്ടെത്തുന്നത് ഗൗരവത്തോടെ കാണണം എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.