കമ്യൂണിസത്തിനെതിരെ ജാഗ്രത വേണമെന്ന് സാദിഖലി തങ്ങള്‍
text_fieldsമലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും രാഷ്ട്രനിര്‍മാണ പ്രക്രിയയിലും മുസ്ലിം ജനവിഭാഗം വഹിച്ച ചരിത്രപരമായ പങ്കാളിത്തത്തെ തമസ്കരിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് നടക്കുന്നതെന്നും അവയെ ചരിത്രബോധംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയണമെന്നും സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 'ലൈറ്റ് ഓഫ് മിഹ്റാബ്' ത്രൈമാസ കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമകാലിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ആത്മീയതയാണ്. പരീക്ഷണങ്ങളെ വിശ്വാസത്തിെൻറ കരുത്തുകൊണ്ട് അതിജയിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മിഹ്റാബുകള്‍ ഐക്യത്തിെൻറയും സമാധാനത്തിെൻറയും ഇടങ്ങളാണ്. അടിച്ചമര്‍ത്തല്‍ നയത്തിെൻറ ഭാഗമായാണ് ഭരണകൂടം ചരിത്ര വക്രീകരണം നടത്തുന്നത്. മതങ്ങളെ വളരാന്‍ അനുവദിക്കാത്ത കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ സന്ദേശ രേഖ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.