ജാഗ്രത ഡെങ്കിപ്പനിക്കെതിരെ, മരണം വിതക്കുന്നത് എലിപ്പനി
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോൾ എലിപ്പനി ജീവനെടുക്കുന്നവരുടെ എണ്ണം ഉയരുന്നു. ഈ വർഷം ഇതുവരെ 57 പേർ എലിപ്പനി ബാധിച്ചോ ലക്ഷണങ്ങളോടെയോ മരിച്ചു. ഇതിൽ 24 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 33 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളുമായാണ്.
ഈ കാലയളവിൽ 437 പേർക്ക് എലിപ്പനിയും 705 പേർക്ക് എലിപ്പനി ലക്ഷണങ്ങളും സ്ഥിരീകരിച്ചു. അതേസമയം അഞ്ചുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 11 പേർ മാത്രമാണ് മരിച്ചത്. ആറുപേർ സമാന ലക്ഷണങ്ങളുമായും അഞ്ചുപേർ ഡെങ്കിപ്പനി സ്ഥിരീകരിച്ചുമാണ് മരിച്ചത്.
ഇക്കാലയളവിൽ 1724 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 4784 പേർ ഡെങ്കിപ്പനി സമാനലക്ഷണങ്ങളുമായി ചികിത്സ തേടി. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്തും തൃശൂരുമാണ് രോഗികൾ കൂടുതൽ. കാലവർഷം ആസന്നമായിരിക്കെ പകർച്ചപ്പനികൾ രൂക്ഷമാകാനാണ് സാധ്യത. ഈ വർഷം ഇതുവരെ 11.06 ലക്ഷം പേർക്ക് പനി ബാധിച്ചു. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
2021ൽ 97 എലിപ്പനി മരണങ്ങളും 2020ൽ 48 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മലേറിയ, സിക്ക, ചികുന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച് വൺ എന്‍ വൺ എന്നിവക്കെതിരെയും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 222 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചതിൽ അഞ്ചുമരണങ്ങളും 13546 പേർക്ക് ചിക്കൻപോക്സ് ബാധിച്ചതിൽ നാല് മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.