മാലിന്യം തള്ളിയാല്‍ വിവരമറിയും ...!
text_fieldsതിരുവനന്തപുരം: വഴിവക്കില്‍ മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയുന്നവര്‍ ജാഗ്രതൈ ! നിങ്ങളെ പൊലീസ് പിടികൂടും. മാലിന്യമുക്ത കേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങളുടെ ഭാഗമായാണ് വിഷയത്തില്‍ പൊലീസ് ഇടപെടുന്നത്. പൊതുസ്ഥലങ്ങളില്‍ ഖരമാലിന്യങ്ങള്‍ കൊണ്ടിടുന്നവര്‍, മാലിന്യങ്ങളും മലിനജലവുമൊഴുക്കി ജലാശയങ്ങളും കനാലുകളും മലീമസമാക്കുന്നവര്‍, പ്ളാസ്റ്റിക്കും അപകടകരമായ വിഷവസ്തുക്കളും കത്തിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 278 വകുപ്പ് പ്രകാരവും കേരള പോലീസ് ആക്ട് 120 (e) പ്രകാരവും നടപടികൈക്കൊള്ളാനാണ് നിര്‍ദേശം. ഇവക്കൊപ്പം കേരള മുനിസിപ്പല്‍ ആക്ട്(1994) ലെ സെക്ഷന്‍ 340(A) & 340(B), 341& 342 വകുപ്പുകള്‍, കേരള പഞ്ചായത്തീരാജ് ആക്ടിലെ (1994) 219(N), 219(O), 219(P) & 252 വകുപ്പുകള്‍ പ്രകാരവുമുള്ള നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ കൈക്കൊള്ളുക.
ശുചിത്വമിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. നാലുഘട്ടമായി ഇത് നടപ്പാക്കാനാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം. ആദ്യഘട്ടമായി, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതര്‍, ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ്, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് ഓരോ പൊലീസ് സ്റ്റേഷന്‍ പ്രദേശത്തും ഖരമാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നതും ജലമലിനീകരണം നടക്കുന്നതും പ്ളാസ്റ്റിക്കും അപകടകരമായ പദാര്‍ഥങ്ങളും കത്തിക്കുന്നതുമായ സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് വിവരം ശേഖരിക്കും. രണ്ടാംഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ ബോധവത്കരണം സംഘടിപ്പിക്കും. അടുത്തഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങളിലെ മലിനീകരണതോത് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വിലയിരുത്തി തുടര്‍ന്നും മലിനീകരണം നടത്തുന്നവരെ കണ്ടത്തെി മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ജല-വായു മലിനീകരണം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും. പദ്ധതി വിലയിരുത്താന്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.