ഭഗവൽ സിങ് സജീവ പ്രവർത്തകനല്ലെന്ന് സി.പി.എം; 'ചില പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവാം'
text_fieldsപത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിങ് സജീവ സി.പി.എം പ്രവർത്തകനാണെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണിത്. പാർട്ടിയംഗമല്ല. പാർട്ടിയിലോ മറ്റ് ബഹുജനസംഘടനകളിലോ ഉത്തരവാദിത്വവും ഇല്ലായിരുന്നു. അനുഭാവിയെന്ന നിലയിൽ ചില പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും.
അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സി.പി.എം. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സി.പി.എമ്മാണ്. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ജില്ലാ നേതാക്കളും മണിക്കൂറുകൾക്കകം സ്ഥലത്തെത്തി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തിൽ പരസ്യമായി രംഗത്തുവന്നില്ല.
വ്യാഴാഴ്ച മലയാലപ്പുഴയിൽ ദുർമന്ത്രവാദത്തിനെതിരെ പ്രതികരിച്ചതും ഡി.വൈ.എഫ്.ഐയാണ്. ആ സ്ഥാപനം പൂട്ടിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.