തൊഴിലും തൊഴിലാളിയും വിരൽത്തുമ്പിൽ; ‘ഭായ് ലോഗ്’ ആപ് തയാർ
text_fieldsതിരുവനന്തപുരം: തൊഴിൽ തേടി അതിഥിത്തൊഴിലാളികൾക്ക് ഇനി തെരുവിൽ അലയേണ്ട; വിശ്വസ്തതയുള്ള തൊഴിലാളിക്കായി തൊഴിലുടമക്കും ബുദ്ധിമുട്ടേണ്ട. ഇരുവിഭാഗത്തിനും ആവശ്യാനുസരണം തൊഴിലും തൊഴിലാളിയെയും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ആപ് വിദ്യാർഥികളുടെ സ്റ്റാർട്ടപ് സംരംഭമായി പുറത്തിറങ്ങി. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളായ ആസിഫ് അയൂബും, ആഷിഖ് ആസാദും, ഗോകുൽ മോഹനും ചേർന്ന് കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ 2023 ൽ സ്ഥാപിച്ച സ്റ്റാർട്ടപ് കമ്പനിയായ ‘ഭായ് ലോഗ്’ ആണ് ആപിന്റെ ശിൽപികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ആപിന്‍റെ പ്രകാശനം നിർവഹിച്ചു.
അതിഥിത്തൊഴിലാളികൾക്കും തൊഴിലുടമക്കും ആപിൽ വെവ്വേറെ രജിസ്ട്രേഷനുണ്ട്. തൊഴിലാളിയുടെയും തൊഴിലിന്‍റെയും ലൊക്കേഷൻ കൂടി പരിഗണിച്ച് തൊഴിലാളിക്കും തൊഴിലുടമക്കും ആപിൽ നോട്ടിഫിക്കേഷൻ വരും. തൊഴിലുടമ ആവശ്യമുള്ള തൊഴിലാളിയുടെ വിവരം പോസ്റ്റ് ചെയ്താൽ തൊഴിലാളികൾക്ക് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും. നോട്ടിഫിക്കേഷൻ ലഭിച്ച തൊഴിലിനായി ആപിലൂടെ തൊഴിലാളിക്ക് അപേക്ഷിക്കാം. തൊഴിലാളി തൊഴിലിനായി അപേക്ഷിക്കും മുമ്പ് ആപിലൂടെ ആധാർ വെരിഫിക്കേഷൻ നടത്തണം. തൊഴിലാളിയുടെ ഫോട്ടോയും വിവരങ്ങളും തൊഴിലുടമക്ക് മുൻകൂട്ടി ലഭിക്കും. ആപ് വഴി തന്നെ വേതനവും നൽകാം. ജോലിയുടെ നിലവാരമനുസരിച്ച് തൊഴിലാളിക്ക് റേറ്റിങ് നൽകാൻ തൊഴിലുടമക്കാകും. നേരത്തേ ചെയ്ത ജോലികളുടെ നിലവാരവും ആപിലൂടെ തൊഴിലുടമക്ക് പരിശോധിക്കാം.
കേരള സ്റ്റാർട്ടപ് മിഷന്‍റെ ‘ഐഡിയ ഗ്രാന്‍റ് 2022’ൽ വിജയികളായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ് സംരംഭം ഒരു വർഷത്തോളം സമയമെടുത്താണ് വിദ്യാർഥികൾ പൂർത്തിയാക്കിയത്. സംഘത്തിന് ആദ്യഘട്ട ഫണ്ടിങ് എന്ന നിലയിൽ സ്റ്റാർട്ടപ് മിഷൻതന്നെ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു. മറ്റൊരു ഫണ്ടിങ് ഏജൻസിയെ കൂടി കണ്ടെത്തിയാണ് സംരംഭം പൂർത്തിയാക്കിയത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ‘Bhai log’ ആപ് ദിവസങ്ങൾക്കകം ലഭ്യമാകും. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ.എസ്. കാർത്തികേയൻ, സ്റ്റാർട്ടപ് മിഷൻ മേധാവി അനൂപ്, അംബിക എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.