ബാലഗോപാലിന്റെ മന്ത്രിസ്ഥാനത്തിൽ ആഹ്ലാദവുമായി ഭരണിക്കാവ് ഗ്രാമം
text_fieldsകായംകുളം: കെ.എൻ. ബാലഗോപാൽ മന്ത്രിസ്ഥാനത്തേക്ക് എത്തുമ്പോൾ ആഹ്ലാദാരവങ്ങളുമായി ഭരണിക്കാവ് ഗ്രാമവും. പിതാവിന്റെ ജന്മനാട് എന്ന നിലയിലാണ് ഭരണിക്കാവുമായി ഇപ്പോഴും മുറിയാത്ത ബന്ധമുള്ളത്. കറ്റാനം പോപ്പ് പയസ് സ്കൂളിലെ ഹൈസ്കൂൾ പഠന കാലയളവിലെ സൗഹൃദവും നാടുമായി ബന്ധം നിലനിർത്തുന്ന ഘടകമാണ്.
തെക്കേ മങ്കുഴി കന്നിമേൽ വീടാണ് പിതാവ് കെ.എൻ. നാരായണപണിക്കരുടെ കുടുംബം. എൻജിനിയറായിരുന്ന ഇദ്ദേഹം പല സ്ഥലങ്ങളിലേക്ക് മാറ്റം കിട്ടി പോയതോടെയാണ് നാടുമായുള്ള ബന്ധം കുറയുന്നത്. എന്നാൽ, മക്കളുടെയെല്ലാം ഹൈസ്കൂൾ വിദ്യാഭ്യാസം ഇവിടെയായിരുന്നു.
ബാലഗോപാലിനെ കൂടാതെ മുതിർന്ന സഹോദരൻമാരായ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ധനായ ഡോ. കെ.എൻ. ഹരിലാലുമാണ് ഇവിടെ പഠിച്ചത്. 1975 -78 കാലഘട്ടത്തിലാണ് ബാലഗോപാൽ ഭരണിക്കാവിലുണ്ടായിരുന്നത്. പിതൃസഹോദരനായ കൃഷ്ണപിള്ളയും ഭാര്യ ശ്രീദേവിയമ്മക്കും ഒപ്പമായിരുന്നു താമസം. ഇവരുടെ മകൻ സന്തോഷ് സതീർത്ഥ്യനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന ബാലഗോപാൽ അന്നേ കടുത്ത ഇടതുപക്ഷ മനസിന്റെ ഉടമയായിരുന്നുവെന്ന് സന്തോഷ് ഒാർക്കുന്നു.
അമ്മയുടെ നാടായ കലഞ്ഞൂരിൽ വീട് വച്ച് താമസമായെങ്കിലും ഭരണിക്കാവിലെ കുടുംബവീടുമായി ഇൗടുറ്റബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. കുഞ്ഞമ്മയായ ശ്രീദേവിയമ്മയെ കാണാൻ മിക്കപ്പോഴും എത്തും. കുടുംബത്തിലെ പരിപാടികളിലും സാനിധ്യമുണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഫലം അറിഞ്ഞ ശേഷവും ഇവിടെ എത്തി സന്തോഷം പങ്കുവെച്ചിരുന്നു. ഉയർന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീദേവിയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.