ഇന്ന് ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല
text_fieldsതിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രമുണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. രാവിലെ 10ന് രാജ്ഭവന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോഓഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു.
വ്യാപാരി സമൂഹം കർഷകർക്കൊപ്പമാണെന്നും സമരത്തിന് പിന്തുണ നൽകുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീൺ ബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ച് വെള്ളിയാഴ്ച ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തുമെന്ന് അധ്യാപക-സര്‍വിസ് സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയചന്ദ്രന് കല്ലിംഗലും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എം.എ. അജിത്കുമാറും അറിയിച്ചു.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കൽ ഉൾപ്പെടെ 12 ആവശ്യങ്ങളുമായി കർഷകരുടെ സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീൺ ഭാരത് ബന്ദ് പ്രഖ്യാപിച്ച നാളെ കർഷകർ കൃഷിയിടങ്ങളിൽ ജോലിക്ക് പോകരുതെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.