പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എൻ.സി.ഇ.ആർ.ടി ശിപാർശ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശിപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘ്പരിവാർ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്.
സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദേശങ്ങളെ കാണേണ്ടത്. ചരിത്രത്തെ വക്രീകരിക്കുന്ന സംഘ്പരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണ്.
ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ 'ഇന്ത്യ'യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘ്പരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻ.സി.ഇ.ആർ.ടി സമിതിയുടെ പുതിയ നിർദേശം. എൻ.സി.ഇ.ആർ.ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.