ഭാരത് ജോഡോ യാത്രക്ക് ഇന്ന് കന്യാകുമാരിയിൽ തുടക്കം
text_fieldsതിരുവനന്തപുരം: കന്യാകുമാരിമുതൽ കശ്മീർവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും.
ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി രാഹുൽ ഗാന്ധി പ്രാർഥന നടത്തും. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഒരുമണിയോടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂർ സ്മാരകം, തുടർന്ന് വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവയും സന്ദർശിക്കും. തുടർന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാർഥന യോഗത്തിൽ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക ഗാന്ധിമണ്ഡപത്തിൽനിന്ന് സ്വീകരിക്കും.
കഴിഞ്ഞ എട്ടുവർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ആറുമാസം കൊണ്ട് 3500ലേറെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിക്കും. കേന്ദ്ര സർക്കാറിന്റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ തകർത്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തിൽ ജനങ്ങളാകെ ദുരിതം പേറുകയാണ്. രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ മോദി സർക്കാർ ഭിന്നിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. ബി.ജെ.പി സർക്കാറിന്റെ നടപടികൾക്കെതിരെ ജനവികാരം രൂപവത്കരിക്കുകയെന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. യാത്ര കോൺഗ്രസിന്റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവർക്കും അണിചേരാമെന്നും വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കോൺഗ്രസിനെയും ഒന്നിപ്പിക്കുമെന്ന് തരൂർ
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തെ മാത്രമല്ല, കോൺഗ്രസിനെയും ഒന്നിപ്പിക്കുമെന്ന് ശശി തരൂർ എം.പി. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും ഇക്കാര്യം ജനങ്ങൾക്ക് പ്രചോദനമായാൽ പാർട്ടിയുടെ തിരിച്ചുവരവിന്റെ തുടക്കമാകുമെന്നും തരൂർ പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയാണ് കോൺഗ്രസിന്റെ പോരാട്ടം. ഗുലാംനബി ആസാദിന്റെ വാക്കുകളോട് പ്രതികരിക്കാനില്ല -അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിക്ക് ഗുണകരമാണ്. താൻ മത്സരിക്കുമോ ഇല്ലയോ എന്നു പറയാറായിട്ടില്ലെന്ന് തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.